കഴിഞ്ഞ 17 മാസങ്ങളായി കേരളത്തിലെ സ്‌കൂളുകളെല്ലാം അടഞ്ഞു കിടക്കുകയാണ്. രാജ്യമെമ്പാടും കൊറോണ വ്യാപിക്കുമ്പോള്‍ കുട്ടികളുടെ പഠനത്തിന് തടസങ്ങള്‍ ഇല്ലാതരിക്കാനായി കേരള സര്‍ക്കാര്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തിലാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിക്കുന്നത്.
കൈറ്റ് വിക്ടേഴ്‌സുമായി സഹകരിച്ചു കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി സാര്‍വത്രികമായി. ഡിജിറ്റല്‍ വേര്‍തിരിവുകള്‍ വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിച്ച സംഭവങ്ങളുമുണ്ടായി. വീട്ടില്‍ ടിവിയില്ലാത്തതു കൊണ്ട് ക്ലാസ് കാണാന്‍ കഴിയാത്തതില്‍ മനംനൊന്ത് മലപ്പുറം വളാഞ്ചേരിയില്‍ ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു.
കേരളത്തിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം എത്രകണ്ട് എല്ലാ വിദ്യാര്‍ഥികളിലേക്കും എത്തുന്നുണ്ട് എന്നതിന് ഒരു ഉദാഹരണംകൂടെയായിരുന്നു ഒമ്പതാം ക്ലാസുകാരി ദേവികയുടെ മരണം.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, നിരീക്ഷകര്‍ ഡിജിറ്റല്‍ ഡിവൈഡ് എന്ന് വിളിക്കുന്ന വിദ്യാഭ്യാസത്തിലെ വെല്ലുവിളി കൂടുതലും ബാധിക്കുന്ന ആദിവാസി വിദ്യാര്‍ഥികളുടെ കാര്യം പരിഗണിക്കാം.
വയനാട് ജില്ലയിലെ പുല്‍പ്പള്ളി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ബസവന്‍കൊല്ലിയില്‍ താമസിക്കുന്നത് കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവിടെ കുട്ടികള്‍ക്ക് പഠിക്കാനായി കേരള സര്‍ക്കാരിന്‍റെ സാമൂഹ്യ പഠനമുറിയും അവിടെയുണ്ട്. ദിവസേന അവിടേക്ക് അധ്യാപികയും എത്തുന്നു. കിലോമീറ്ററുകള്‍ താണ്ടിയാണ് അധ്യാപിക ഇവിടേക്ക് ഒരു ദിവസം പോലും മുടങ്ങാതെ എത്തുന്നത്.
സാമൂഹ്യ പഠനമുറിയില്‍ വളരെ ഉത്സാഹത്തോട് കൂടി തന്നെയാണ് കുട്ടികളെല്ലാം വരുന്നതും. ഒമ്പതാം ക്ലാസുകാരി സീതയും കൂട്ടുകാരികളും പുല്‍പ്പള്ളിയിലെ ജയശ്രീ സ്‌കൂളിലാണ് പഠിക്കുന്നത്. എന്നും സാമൂഹ്യ പഠനമുറിയിലേക്ക് വരികയും അധ്യാപിക പറഞ്ഞു തരുന്ന കാര്യങ്ങള്‍ പഠിക്കുകയും ക്ലാസുകള്‍ കാണുകയും ചെയ്യുന്നുണ്ട് ഈ കുട്ടികള്‍.
പുല്‍പ്പള്ളിയിലെ തന്നെ മടാപ്പറമ്പ് കോളനിയിലും സാമൂഹ്യ പഠനമുറിയില്‍ എന്നും വിദ്യാര്‍ത്ഥികളെത്തുന്നു. സാമൂഹ്യ പഠനമുറിയോട് അനുബന്ധിച്ച് പുതിയ കെട്ടിടത്തില്‍ ടെലിവിഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓരോ സമയത്തേയും ക്ലാസുകള്‍ക്കനുസരിച്ച് കുട്ടികള്‍ വിക്ടേഴ്‌സില്‍ അവതരിപ്പിക്കുന്ന ക്ലാസുകള്‍ കാണാനെത്തുന്നു. അവരുടെ ഊഴം കഴിഞ്ഞാല്‍ അടുത്ത ക്ലാസിലുള്ളവരോട് ക്ലാസ് കാണാന്‍ വരാന്‍ പറയുകയും കുട്ടികളത് കാണാനായി എത്തുകയും ചെയ്യുന്നു.
എന്നാല്‍ ഇതിനിടയിലും ക്ലാസുകളില്‍ പങ്കെടുക്കാതെ പോകുന്ന കുറച്ച് കുട്ടികളുമുണ്ട്. കാടിന്റെ ഓരം താമസിക്കുന്നവരില്‍ ചില കുട്ടികളൊന്നും ക്ലാസുകള്‍ കാണാനോ പഠിക്കാനോ വരാറില്ല.
സ്‌കൂളുകളിലേക്ക് പോകുന്നതു പോലെ ഒരു സമ്പ്രദായം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. ഒരു കുട്ടിയുടെ ക്ലാസിന്റെ സമയമായിരിക്കില്ല മറ്റൊരു കുട്ടിക്ക്. അതു കൊണ്ട് തന്നെ പലരും കളികളില്‍ ഏര്‍പ്പെടുകയും ക്ലാസില്‍ കയറാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു.
‘നിലവില്‍ പൂതാടി പഞ്ചായത്തില്‍ ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നില്ല. കുട്ടികള്‍ക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും ട്രൈബല്‍ ഓഫീസ് മുഖാന്തിരം ചെയ്യുന്നുണ്ട്. പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് പ്ലസ് വണ്ണിലേക്ക് പ്രവേശനത്തിനുള്ള എല്ലാ കാര്യങ്ങളും ഓഫീസ് വഴി ചെയ്ത് വരുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അഡ്മിഷന്‍ കിട്ടാതെ പോയവരെ ഐടിഐ, ടെക്‌നിക്കല്‍ സ്‌കൂളുകളിലേക്കും മറ്റും അഡ്മിഷന്‍ എടുത്ത് കൊടുക്കാനുള്ള സാഹചര്യങ്ങളും ഏര്‍പ്പാടാക്കുന്നുണ്ട്. പത്താം ക്ലാസില്‍ ഒന്നോ രണ്ടോ വിഷയത്തില്‍ തോറ്റു പോകുന്നവരെ അടുത്ത വര്‍ഷവും എഴുതാനുള്ള സാഹചര്യങ്ങളും ചെയ്ത് കൊടുക്കുന്നുണ്ട്.’– പൂതാടി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ട്രൈബല്‍ ഓഫീസിലെ പ്രൊമോട്ടര്‍ അരുണ്‍ പറയുന്നു.
മാനന്തവാടിക്കടുത്തുള്ള തൃശ്ശിലേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് സംഗീത്. പ്ലസ്ടു ഹ്യുമാനിറ്റീസ് ആണ് പഠിക്കുന്നത്. വീട്ടില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന അനുജന്‍ സനീഷും ഇതേ സ്‌കൂളിലാണ് പഠിക്കുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം വന്നതോടെ ചെറിയ തോതിലുള്ള ബുദ്ധിമുട്ടുകള്‍ അവനും കുടുംബത്തിനും ഉണ്ടാകുന്നുണ്ട്.
‘വീട്ടില്‍ ആകെ ഒരു ഫോണാണുള്ളത്. എന്റെ ക്ലാസിന്റെ അതേ സമയത്ത് തന്നെ അനുജനും ക്ലാസ് ഉണ്ടാകും. എനിക്ക് കൂടുതല്‍ പഠിക്കാനുള്ളത് കൊണ്ട് മിക്കവാറും ഞാന്‍ ക്ലാസില്‍ കയറും. അവന് ക്ലാസ് കാണാന്‍ സാധിക്കാറില്ല. ചിലപ്പോള്‍ അവന് വേണ്ടി ഞാനും ക്ലാസില്‍ കയറാറില്ല.’– സംഗീത് പറയുന്നു.
സ്‌കൂള്‍ വേഗം തുറക്കണമെന്നും ഓണ്‍ലൈന്‍ വിദ്യാഭ്യാസം മടുത്തുവെന്നുമാണ് സംഗീതിന്റെ അഭിപ്രായം.
ആറാം ക്ലാസുകാരി സുകന്യക്ക് പക്ഷേ സ്വന്തമായി ഒരു മൊബൈല്‍ ഫോണു പോലുമില്ല. സുകന്യയുടെ അച്ഛന്‍ സുകുമാരന്‍ പ്രൊമോട്ടറുമായി സംസാരിക്കുകയും ചെയ്തിരുന്നു. ‘പ്രൊമോട്ടറോട് രണ്ട് മൂന്ന് തവണ പറഞ്ഞു. അപ്പോഴോക്കെ പറഞ്ഞത് പത്താം ക്ലാസുകാര്‍ക്കാണ് മുന്‍തൂക്കം. അതു കഴിഞ്ഞ് നോക്കട്ടേ എന്നാണ്. നിലവില്‍ സുകന്യക്ക് പഠിക്കാനായി മൊബൈല്‍ ഫോണ്‍ വാങ്ങാനുള്ള സാഹചര്യം എനിക്കില്ല. കാല്‍ മുട്ടിന് പറ്റാത്തതു കൊണ്ട് പണിക്കൊന്നും ഇപ്പോള്‍ പോകുന്നില്ല. ഇടക്കെങ്ങാനും തൊഴിലുറപ്പ് കിട്ടിയാല്‍ ആയി. കാലിന് വയ്യാതായതോടെ അതും നിലച്ചു. പുതിയൊരു ഫോണ്‍ വാങ്ങി കൊടുക്കാനൊന്നും എനിക്കാവില്ല.’– സുകുമാരന്‍ പറയുന്നു.
സുകുമാരന്റെ വീട്ടില്‍ ടിവിയോ സ്മാര്‍ട്‌ഫോണോ ഇല്ല. അടുത്ത വീട്ടിലെ കുട്ടികളുടെ കൂടെ ഇരുന്നാണ് സുകന്യയുടെ ഇപ്പോഴത്തെ പഠനം. തൃശ്ശിലേരി വരിനില കോളനിയില്‍ ഷെഡ് കെട്ടിയാണ് അച്ഛനും അമ്മക്കുമൊപ്പം സുകന്യ താമസിക്കുന്നത്.
തൃശ്ശിലേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ തന്നെ പത്താം ക്ലാസുകാരി നന്ദിതക്ക് പക്ഷേ ഇടക്കെല്ലാം നെറ്റ്വര്‍ക്ക് പ്രശ്‌നങ്ങള്‍ കാരണം ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് ഇറങ്ങേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ സാധാരാണ ക്ലാസുകളിലേത് പോലെ സുഹൃത്തുക്കളുമായി സംവദിക്കാന്‍ കഴിയുന്നില്ലെന്നും നന്ദിത പറയുന്നു.
പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ത്ഥിനിയായ നിത്യമണിക്കും സമാനമായ അനുഭവങ്ങള്‍ തന്നെയാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കുന്നത്. ‘നെറ്റ്വര്‍ക്ക് പ്രോബ്ലം വന്നാല്‍ കട്ടാക്കി പിന്നേയും കയറും.’– നിത്യമണി പറയുന്നു.
‘അടുത്തുള്ള വീടുകളില്‍ ടിവിയും ഫോണുമില്ലാത്ത കുട്ടികളുണ്ട്. അവരെല്ലാം ട്യൂഷന് പോയാണ് പഠിക്കുന്നത്. അവിടെ ഇരുന്നു കൊണ്ടാണ് കുട്ടികളെല്ലാം പഠിക്കുന്നത്.’– നിത്യമണി കൂട്ടിച്ചേര്‍ത്തു.
കാട്ടിക്കുളം സ്വദേശിനിയായ അംഗിത പ്ലസ് വണ്‍ ബയോസയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. ‘നമ്മുടെ ഇവിടെ തീരെ റേഞ്ചില്ലാത്തതിനാല്‍ ക്ലാസില്‍ കയറാന്‍ വളരെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഇവിടെയെല്ലാവര്‍ക്കും ഇത് പോലെ തന്നെയാണ് അവസ്ഥ. വാട്‌സാപ്പില്‍ അയക്കുന്ന നോട്ടുകളെല്ലാം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നുണ്ട്. പക്ഷേ ഗൂഗിള്‍ മീറ്റിലെ ക്ലാസില്‍ കയറുമ്പോള്‍ വോയ്‌സെല്ലാം ബ്രേക്ക് ചെയ്ത് പോകും. സാമൂഹ്യ പഠനമുറി ഉള്ള രണ്ടാം ഗേറ്റ് ഭാഗത്തേക്ക് പോകണമെങ്കില്‍ കാട്ടിലൂടെ പോകണം. അതുകൊണ്ട് അവരാരും ഇപ്പോള്‍ അങ്ങോട്ട് പോകാറില്ല. പകരം പബ്ലിക്ക് ലൈബ്രറിയിലാണ് കുട്ടികളും ടീച്ചര്‍മാരും വരുന്നത്.’– അംഗിത പറയുന്നു.
‘പബ്ലിക് ലൈബ്രറിയില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് മുന്നര വരെയും ക്ലാസുകള്‍ ഉണ്ടാകും. പലരും വരും. ചിലര്‍ വരില്ല. കളിക്കാന്‍ പോകും. അങ്ങനെയുള്ളവര്‍ക്കായി മെന്റര്‍മാരുണ്ട്. അവര്‍ ഇങ്ങനെയുള്ള കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കും. പിന്നെ അടുത്ത രണ്ട് ദിവസങ്ങളിലും കുട്ടികള്‍ വരും. അത് കഴിഞ്ഞാല്‍ വീണ്ടും പഴയതു പോലെ തന്നെ ആവര്‍ത്തിക്കും.’– അംഗിത പറയുന്നു.
‘അടുത്ത് ഒരു വീട്ടില്‍ അഞ്ച് കുട്ടികളുണ്ട്. അവരുടെ വീട്ടില്‍ പഠിക്കാനുള്ള സൗകര്യങ്ങളൊന്നുമില്ല. അതുകൊണ്ട് അവരെല്ലാം അടുത്ത വീടുകളിലോ കാട്ടിക്കുളം പബ്ലിക് ലൈബ്രറിയിലോ ആണ് പഠിക്കാന്‍ വരുന്നത്. മഴ പെയ്യുന്നതോടെ കുട്ടികളെല്ലാം മടിച്ച് പിടിച്ച് ക്ലാസുകളില്‍ വരാതെയാകും.’
‘ബയോ-സയന്‍സ് എടുത്തതു കൊണ്ട് ബുദ്ധിമുട്ടുകളൊന്നും തന്നെയില്ല. പക്ഷേ കറക്ടായിട്ട് ക്ലാസുകള്‍ കിട്ടുന്നില്ല എന്ന പരാതിയേ ഉള്ളൂ. പിന്നെ വീട്ടില്‍ ചേച്ചി ഡിഗ്രിയാണ് പഠിക്കുന്നത്. ഒരേ സമയത്ത് ക്ലാസുകള്‍ വന്നാല്‍ ആരെങ്കിലും ഒരാളെ ക്ലാസുകളില്‍ കയറുകയുള്ളൂ. പിന്നീട് ക്ലാസുകളില്‍ കയറാന്‍ കഴിയാതെ വന്നാല്‍ സുഹൃത്തുക്കളോട് സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്യാന്‍ പറയുകയും അവര്‍ തരികയും ചെയ്യും.’
ഓണ്‍ലൈന്‍ ക്ലാസ് മുറി ഇഷ്ടമൊക്കെ ആണെങ്കിലും ഇടക്കുള്ള നെറ്റ്വര്‍ക്ക് പ്രശ്‌നം ചെറിയ അലോസരമുണ്ടാക്കുന്നുണ്ടെന്ന് അംഗിത.
ഓണ്‍ലൈന്‍ ക്ലാസ് ആയതോട് കൂടി നേരിട്ട് സംശയങ്ങളൊന്നും ചോദിക്കാന്‍ കഴിയുന്നില്ലെന്ന് അംഗിത പറയുന്നു. പലരും റേഞ്ച് പ്രശ്‌നങ്ങള്‍ കാരണം സിമ്മുകള്‍ മാറ്റി മാറ്റി ഇടേണ്ട അവസ്ഥയും ഉണ്ടാകുന്നു.
സര്‍ക്കാര്‍ മുഖേനയും യുവജന സംഘടനകള്‍ വഴിയും വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്‌ഫോണ്‍, ടിവി നല്‍കുന്നതിനായി വിവിധ തരം ചലഞ്ചുകള്‍ നടത്തുകയും നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കപ്പെടുകയും ചെയ്തിട്ടുണ്ട്.
എങ്കിലും കുട്ടികള്‍ നേരിടുന്ന ഇത്തരത്തിലുള്ള വേര്‍തിരിവുകള്‍ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു.
ബിബിസി ഇന്ത്യയില്‍ നടത്തിയ ഒരു സര്‍വ്വേ പ്രകാരം 1400 കുട്ടികളില്‍ പകുതിയിലേറെ പാവപ്പെട്ട കുട്ടികള്‍ക്കും ഏതാനും വാക്കുകള്‍ മാത്രമാണ് എഴുതാനറിയുന്നതെന്ന് കണ്ടെത്തിയിരുന്നു.
അധ്യാപകര്‍ക്ക് കുട്ടികളെ നേരിട്ട് കണ്ട് അവരുടെ സര്‍ഗവാസനകളും അഭിരുചികളും കണ്ടെത്താന്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ വരവോടെ കഴിയുന്നില്ല.
കുട്ടികള്‍ ശ്രോതാക്കള്‍ ആയി മാത്രം മാറുകയും വേണ്ട സമയത്ത് മാത്രം മറുപടി പറയുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു. അതുമൂലം പലരും തന്റെ ഉള്ളിലുള്ള സംശയങ്ങളും ആകുലതകളും അധ്യാപകരുമായി സംവദിക്കാനുള്ള സാഹചര്യങ്ങളും പോയി മറയുന്നു.
പലരും പുത്തന്‍ സാങ്കേതിക വിദ്യകളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നറിയാതെ നില്‍ക്കുകയാണ്. മാതാപിതാക്കള്‍ക്ക് ഇവ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തതിനാലും വീട്ടിലെ സാഹചര്യങ്ങളുടെ പരിമിതി മൂലവും കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ അവരുടെ കയ്യിലേക്ക് എത്തുന്നില്ല. കുട്ടികളില്‍ പലരും പുതിയ സമ്പ്രദായത്തെ അത്ര കണ്ട് സ്വീകരിക്കുന്നതായി കാണുന്നില്ല.
****