കോഴിക്കോട്> നിപാ ബാധിച്ചു മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്നവരിൽനിന്ന് ഇന്നലെ പരിശോധനക്കയച്ച ഇരുപത് സാമ്പിളുകളും നെഗറ്റീവ് ആയി. രോഗലക്ഷണമുളള അഞ്ചു പേരുടേയും സമ്പര്ക്കപട്ടികയിലുളള 15 പേരുടേയും ഫലമാണ് ഇന്ന് വന്നതെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ കുട്ടിയുമായി അടുത്ത് ഇടപഴകിയ 30പേര്ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. 21പേരുടെ ഫലം കൂടി അറിയാനുണ്ട്.
സമ്പർക്കത്തിൽ വന്നവരിൽ 68 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ വളർത്ത് മൃഗങ്ങളിൽനിന്നടക്കം സ്രവമെടുത്തുള്ള പരിശോധന തുടരുകയാണ്.
ഇന്നലെ പത്ത് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. മരിച്ച കുട്ടിയുടെ മതാപിതാക്കളുടെയടക്കം സാമ്പിളുകളാണ് നെഗറ്റീവ് ആയത്. സമ്പർക്ക പട്ടികയിലെ 257ൽ 122 പേർക്കാണ് അടുത്ത സമ്പർക്കമുള്ളത്. ഇതിൽ 44 ആരോഗ്യ പ്രവർത്തകരാണ്.