കുന്നമംഗലം
നിപാ വൈറസിന്റെ പ്രഭവകേന്ദ്രംതേടി ആടുകളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചു. രോഗം ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീടിന് ഒരു കിലോമീറ്റർ ചുറ്റളവിലെ വീട്, ആട് ഫാമുകളിൽനിന്നായി 20 സാമ്പിൾ മൃഗസംക്ഷണ വകുപ്പ് ശേഖരിച്ചു.
ഈ മേഖലയിലെ ആടുവളർത്തുന്നവരുടെ ലൊക്കേഷൻ മാപ്പ് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ കെ ബേബിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയിരുന്നു. സാമ്പിളുകൾ കണ്ണൂരിലെ റീജണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിൽ പരിശോധിക്കും. ബുധനാഴ്ച ഫലമറിയാം.
കണ്ണൂർ റീജണൽ ഡിസീസ് ലാബിലെ ഡിഐഒ ഡോ. വർഗീസ്, ലാബ് ടെക്നീഷ്യൻ പി രവീന്ദ്രൻ, എപ്പിഡെമിസ്റ്റ് ഡോ. നിഷ എബ്രഹാം, വെറ്ററിനറി സർജൻ ഡോ. കെ സി ഇസ്മയിൽ എന്നിവരുടെ നേതൃത്വത്തിലാണ് സാമ്പിൾ ശേഖരിച്ചത്.
വവ്വാലുകളുടെ ജഡം പരിശോധനയ്ക്ക്
ചെറൂപ്പ, ഓമശേരി, മണാശേരി എന്നിവിടങ്ങളിൽ നിന്ന് പരിശോധകസംഘത്തിന് ലഭിച്ച ചത്ത വവ്വാലുകളെ വൈറോളജി ലാബിൽ പരിശോധനക്കയച്ചു. മൂന്ന് ദിവസത്തിനുള്ളിൽ ഫലം ലഭിക്കുമെന്നാണ് കരുതുന്നത്.മുന്നൂരിൽ നിപാ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരൻ റമ്പൂട്ടാൻ കഴിച്ചെന്ന വിവരത്തിൽ നടത്തിയ പരിശോധനയിൽ വവ്വാലുകൾ ഭക്ഷിച്ച റമ്പൂട്ടാൻ പഴങ്ങൾ കണ്ടെത്തിയിരുന്നു. വവ്വാലിന്റെ ആവാസ കേന്ദ്രവും കണ്ടെത്തി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വവ്വാലിന്റെ കാഷ്ഠം, ഭക്ഷണ അവശിഷ്ടം, വവ്വാൽ കടിച്ച റമ്പൂട്ടാൻ എന്നിവയും പരിശോധനക്കായി അയക്കും. വവ്വാലുകൾ ചത്തത് ആശങ്ക പരത്തുന്നുണ്ട്. കവുങ്ങ്, നേന്ത്രവാഴ, പേരക്ക, റമ്പൂട്ടാൻ തുടങ്ങി വവ്വാൽ കടിക്കാൻ സാധ്യതയുള്ള പഴങ്ങൾ കഴിക്കരുതെന്ന് പ്രദേശത്തുകാർക്ക് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി.