കോഴിക്കോട്
നിപാ ലക്ഷണമുള്ള 10 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ ആർക്കും രോഗമില്ല. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ എട്ടും കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ രണ്ടും പരിശോധനാഫലങ്ങളാണ് നെഗറ്റീവായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരുടെയും മരിച്ച മുഹമ്മദ് ഹാഷിമുമായി അടുത്തിടപഴകിയവരുടെയും സാമ്പിളുകളാണ് പരിശോധിച്ചത്. ഇതെല്ലാം നെഗറ്റീവായത് ആശ്വാസമായി.
തിങ്കൾ രാത്രി പുണെയിലേക്കയച്ച അഞ്ച് സാമ്പിളിന്റെ ഫലം കൂടി അറിയാനുണ്ട്. കോഴിക്കോട്ടെ ലാബിൽ ചൊവ്വാഴ്ച പരിശോധിച്ച 36 പേരുടെ ഫലം ലഭിക്കാനുണ്ട്. പട്ടികയിലെ 257ൽ 122 പേർക്കാണ് അടുത്ത സമ്പർക്കമുള്ളത്. 44 ആരോഗ്യ പ്രവർത്തകരാണ്. 51 പേർ ചികിത്സയിലുണ്ട്. ചെറിയ ലക്ഷണങ്ങളുള്ളവർ 17 . ഇവരുടെയും ആരോഗ്യനില തൃപ്തികരമാണ്. മറ്റു ജില്ലകളിൽനിന്നുള്ള 35 പേരാണ് നിരീക്ഷണത്തിലുള്ളത്.- മലപ്പുറം 18, പാലക്കാട് 1, തിരുവനന്തപുരം1, കണ്ണൂർ 4, വയനാട് 7, കൊല്ലം 2, എറണാകുളം 2. ഇവരിൽ 20 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
മുഹമ്മദ് ഹാഷിമിനെ പ്രവേശിപ്പിച്ച ആശുപത്രികളിലെ സമയക്രമമടങ്ങിയ ഇൻസ്റ്റിറ്റ്യൂഷണൽ റൂട്ട്മാപ്പും ആരോഗ്യവകുപ്പ് പുറത്തിറക്കി. വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പ്രദേശത്തെ 3,307 വീട് സന്ദർശിച്ച് 13,695 പേരിൽനിന്ന് ആരോഗ്യ പ്രവർത്തകർ വിവരങ്ങൾ ശേഖരിച്ചു. സമീപകാലത്തൊന്നും അസ്വഭാവിക മരണമോ സംശയ സാഹചര്യങ്ങളോ കണ്ടെത്തിയിട്ടില്ല.
മലേഷ്യയിൽ രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്നത് കാട്ടുപന്നികളായിരുന്നു. ചാത്തമംഗലത്തുള്ള ഇത്തരം പന്നികളെ നിരീക്ഷിക്കാനും സാമ്പിൾ ശേഖരിക്കാനും നടപടി തുടങ്ങി.