ഇടുക്കി> പണിക്കൻകുടിയിൽ കൊല്ലപ്പെട്ട വീട്ടമ്മ സിന്ധു(45)വിനെ ജീവനോടെയാണ് കുഴിച്ചുമൂടിയതെന്ന് പ്രതി ബിനോയ്(48). ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നുവെന്നും തെളിവെടുപ്പിനിടെ പ്രതി പൊലീസിനോട് പറഞ്ഞു.
പണിക്കൻകുടിയിലെ തന്റെ വീടിന്റെ അടുക്കളയിലാണ് അയൽവാസിയായ സിന്ധുവിനെ ബിനോയ് കൊന്നുകുഴിച്ചുമൂടിയത്. ഒളിവിലായിരുന്ന ബിനോയി ഇന്നലെ പെരിഞ്ചാംകുട്ടി വനത്തിൽനിന്നാണ് പിടിയിലാകുന്നത്.
ഭര്ത്താവുമായി പിണങ്ങി പണിക്കൻകുടിയിൽ താമസമാക്കിയ സിന്ധുവുമായി ബിനോയ് അടുപ്പത്തിലായിരുന്നു. മിക്കപ്പോഴും ഇവരും ബിനോയിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ അടുത്തിടെ സിന്ധു മുൻ ഭര്ത്താവിനെ കാണാൻ പോയതിനെച്ചൊല്ലി ഇരുവരും വഴക്കുണ്ടായി. സിന്ധു മറ്റോരോ ആയി ഫോണിൽ ചാറ്റ് ചെയ്യുന്നെന്ന സംശയവും ബിനോയിക്കുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പറഞ്ഞാണ് വഴക്കുണ്ടായതെന്നും മദ്യലഹരിയിൽ സിന്ധുവിനെ കഴുത്തുഞെരിച്ച് കൊന്നതാണെന്നുമാണ് ബിനോയിയുടെ മൊഴി.
തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കൂടുതൽ തെളിവെടുപ്പ് ആവശ്യമായതിനാൽ ഉടൻ തന്നെ കസ്റ്റഡി അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു. ഫോണ് ലോക്കേഷൻ കണ്ടെത്തിയ പൊലീസ് കാട് അരിച്ചുപെറുക്കിയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. തങ്കമണി കാമാക്ഷി സ്വദേശിനി വലിയപറമ്പിൽ സിന്ധുവിന്റെ(45) മൃതദേഹം ബിനോയിയുടെ വീടിന്റെ അടുക്കളയിൽ അടുപ്പിന് സമീപം കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത് സെപ്തംബർ മൂന്നിനായിരുന്നു.