തിരുവനന്തപുരം: കോവിഷീൽഡ് വാക്സിൻ ഇടവേളയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ സംസ്ഥാന സർക്കാരിന് പൂർണ്ണ യോജിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് നാലാഴ്ചകൾക്ക് ശേഷം എടുക്കാമെന്നാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും കേന്ദ്ര സർക്കാരിലെ ബന്ധപ്പെട്ടഉദ്യോഗസ്ഥരോട് നിലപാട് അറിയിക്കും. ഹൈക്കോടതി ഉത്തരവിന് അനുമതി നൽകാൻ ആവശ്യപ്പെടുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് ഒന്നും രണ്ടും ഉൾപ്പെടെ ആകെ വാക്സിനേഷൻ മൂന്ന് കോടി കടന്നു. ഇതുവരെ 3,01,00,716 ഡോസ് വാക്സിനാണ് നൽകിയത്. സംസ്ഥാനത്ത് വാക്സിനേഷൻ ദേശീയ ശരാശരിയേക്കാളും കൂടുതലാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വാക്സിൻ ക്ഷാമം കാരണം കഴിഞ്ഞ ദിവസങ്ങളിൽ വാക്സിനേഷനിൽ തടസം നേരിട്ടു. ഇന്നലെ സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്സിൻ എത്തി. ഇതോടെ വാക്സിനേഷൻ കാര്യക്ഷമമായി നടന്നു വരുന്നു. വാക്സിൻ തീരുന്ന മുറയ്ക്ക് വാക്സിൻ ലഭ്യമാക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസസമയം കോവാക്സിനും കോവിഷീൽഡും മികച്ച ഫലം തരുന്നവയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.