ദുബായ് > യുഎഇ സർക്കാരിന്റെ സാമ്പത്തിക, സാമൂഹിക, വികസന സംരംഭമായ ‘പ്രോജക്ട്സ് ഓഫ് 50’ ലോക രാജ്യങ്ങളിൽ ചർച്ചയാകുന്നു. കോവിഡാനന്തര സാമൂഹികക്രമത്തിന്, പുതിയ വികസന കാഴ്ചപ്പാടോടെ, അടുത്ത 50 വർഷത്തേക്ക് ദേശീയ മുൻഗണനകൾ നിശ്ചയിക്കുന്നതിനായി ആരംഭിച്ച ഈ സംരംഭം പ്രധാന ആഗോള പങ്കാളികളുമായി വ്യാപാരം വർദ്ധിപ്പിക്കുക, വിജ്ഞാന സമ്പദ്വ്യവസ്ഥ വികസിപ്പിക്കുക, നിക്ഷേപകരെ ആകർഷിക്കുക എന്നിവ മുൻനിർത്തി സാങ്കേതിക മികവോടെയുള്ള അഭിലാഷ പദ്ധതികളും അജണ്ടയും ലക്ഷ്യമിട്ടാണ് മുന്നോട്ടു പോകുന്നത്.
പ്രാദേശിക അന്തർദേശീയ മാധ്യമങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് ഈ പ്രഖ്യാപനത്തെക്കുറിച്ചു ചർച്ചക്കെടുക്കുന്നത്. ആഗോള നഗരം എന്ന നിലയിലുള്ള യുഎഇയുടെ മികവിനെ മുൻനിർത്തി ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി തുറന്ന കൈമാറ്റം ഇതുവഴി പ്രാവർത്തികമാക്കാനാണ് യുഎഇ ഭരണാധികാരികൾ ശ്രമിക്കുന്നതെന്നാണ് പൊതുവെ വിലയിരുത്തൽ. റോയിട്ടേഴ്സ്, എപി, വാഷിംഗ്ടൺ പോസ്റ്റ്, എബിസി ന്യൂസ്, ഫിനാൻഷ്യൽ ടൈംസ്, ടെലിഗ്രാഫ്, ബ്ലൂംബെർഗ്, ഫിനാൻഷ്യൽ ടൈംസ്, എബിസി ന്യൂസ്, ദി ഇൻഡിപെൻഡന്റ് (യുകെ), ദി മെയിൽ ഓൺലൈൻ എന്നിവയുൾപ്പെടെ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ നൂതന ആശയത്തെ വിലയിരുത്തിക്കൊണ്ട് വലിയ മീഡിയ കവറേജ് ആണ് നൽകുന്നത്. ഒരു ദശകത്തിലേറെയായി മിഡിൽ ഈസ്റ്റിന്റെ വാണിജ്യ തലസ്ഥാനമായിരുന്ന യുഎഇ, വളർച്ചയ്ക്ക് ഉയർന്ന സാധ്യതകൾ കാണിക്കുന്ന രാജ്യങ്ങളുമായി, സമഗ്രമായ സാമ്പത്തിക കരാറുകളിൽ പ്രവർത്തിക്കും. ഇത് വിസ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും അതുവഴി വിദേശ പ്രതിഭകളെ ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്യും.
ഇതിന്റെ ഭാഗമായുള്ള പുതിയ റെസിഡൻസി നിയമങ്ങൾ നൽകുന്ന അവസരങ്ങൾ റോയിട്ടേഴ്സ് എടുത്തുകാണിച്ചു. വിദഗ്ധരായ തൊഴിലാളികൾക്കുള്ള പുതിയ ഗ്രീൻ വിസ സമ്പ്രദായം ഇതുവഴി രാജ്യത്തു നടപ്പിലാകും. കൂടാതെ ഒരു തൊഴിൽ അവസാനിച്ചതിന് ശേഷം ഒരു പുതിയ ജോലി കണ്ടെത്താൻ കൂടുതൽ സമയം അനുവദിക്കുകയും ചെയ്യും.
യുഎഇയുമായുള്ള ശക്തമായ ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളുള്ള ഒരു പ്രധാന വ്യാപാര പങ്കാളിയായ ഇന്ത്യയിൽ ‘50 -ന്റെ പദ്ധതികൾ’ വ്യാപകമായ താൽപര്യം ജനിപ്പിച്ചു. ഇന്ത്യൻ ബിസിനസിനും നിക്ഷേപ സമൂഹത്തിനും പ്രത്യേക താൽപ്പര്യമുള്ള ഗ്രീൻ വിസ പദവി ഇന്ത്യയിലെ സംരംഭകരെ വലിയതോതിൽ ആകർഷിക്കുന്നുണ്ട് എന്ന് ഇന്ത്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായുള്ള കൂടുതൽ പദ്ധതികൾ സെപ്തംബറിൽ യുഎഇ സർക്കാർ വിളംബരം ചെയ്യും.