അതിർത്തികളിൽ വിട്ടുവീഴ്ചയില്ലാത്ത തരത്തിലുള്ള നടപടികൾ തുടരാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ഇതോടെ വാളയാർ അടക്കമുള്ള ചെക്പോസ്റ്റുകളിൽ പരിശോധനകളും നിയന്ത്രണങ്ങളും കൂടുതൽ ശക്തമാക്കി. കൊവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുമ്പോഴും കേരളത്തിൽ നിന്ന് എത്തുന്ന യാത്രക്കാരോട് നേരിയ തോതിലുള്ള വിട്ടുവീഴചകൾ ആകാമെന്ന നിലപാടിലായിരുന്നു തമിഴ്നാട് സർക്കാർ ഉണ്ടായിരുന്നത്. എന്നാൽ നിപ വൈറസ് മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ യാതൊരു തരത്തിലുമുള്ള ഇളവുകൾ വേണ്ടെന്നാണ് നൽകിയിരിക്കുന്ന നിർദേശം.
താപ പരിശോധനയിൽ തുടങ്ങി 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ ഫലം, കൊവിഡ് പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസും സ്വീകരിച്ച സാക്ഷ്യപത്രം, തമിഴ്നാട്ടിലേക്കുള്ള ഇ – പാസ് തുടങ്ങിയ രേഖകൾ കൈവശമില്ലാതെ എത്തുന്ന കേരളത്തിൽ നിന്ന് യാത്രക്കാർക്ക് മടങ്ങേണ്ടി വരുമെന്ന് കളക്ടർ ഡോ. ജി എസ് സമീരൻ പറഞ്ഞു.
അതിർത്തികളിൽ പരിശോധന ശക്തമാക്കുന്നതിനായി കൂടുതൽ ഉദ്യോഗസ്ഥരെ ഏർപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനങ്ങളുൾപ്പെടെ വാളയാറിൽ നിന്ന് തിരിച്ചയച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, കേരളത്തിൽ നിന്ന് പുനെ നാഷണൽ വൈറോളജി ലാബിലേക്ക് അയച്ച നിപ രോഗലക്ഷണമുള്ള എട്ട് പേരുടെ സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന മാതാപിതാക്കളുടെയും ആരോഗ്യ പ്രവർത്തകരുടെയും സാമ്പിളുകളാണ് പരിശോധിച്ചത്.
കോഴിക്കോട്, ചാത്തമംഗലം പാഴൂര്‍ മുന്നൂരിലെ തെങ്ങുകയറ്റത്തൊഴിലാളിയായ വായോളി അബൂബക്കറിൻ മകൻ 12കാരൻ മുഹമ്മദ് ഹാഷിം ആണ് നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഹാഷിമിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേര്‍ ഉള്‍പ്പെട്ടതായി മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിൽ 129 പേർ ആരോഗ്യ പ്രവർത്തകരാണ്. 38 പേര്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. ഉയര്‍ന്ന സാധ്യതയുള്ള 54 പേരാണ് ഉള്ളതെന്നും മന്ത്രി നേരത്തെ അറിയിച്ചിരുന്നു. പ്രദേശത്ത് നിന്ന് വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പ് സംഘം പ്രദേശത്തുനിന്ന് റമ്പൂട്ടാന്‍ പഴങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കുട്ടിയുടെ വീട്ടിലുള്ള ആടിന്റെ ശ്രവങ്ങളും ശേഖരിച്ചിട്ടുണ്ട്. വിദഗ്ധപരിശോധയ്ക്ക് ഭോപാലില്‍നിന്നുള്ള എന്‍ഐവി സംഘം ബുധനാഴ്ച എത്തുമെന്നാണ് റിപ്പോർട്ടുകൾ.
കോഴിക്കോടിന്റെ സമീപ ജില്ലകളായ കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽ കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. നിപ ബാധിച്ചു മരിച്ച കുട്ടിയുടെ വീട് നേരത്തെ കേന്ദ്ര സംഘം സന്ദർശിച്ചിരുന്നു. നാഷ്ണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോളിൽ നിന്നുള്ള സംഘമാണ് വീട് സന്ദർശിച്ചത്. കേന്ദ്ര സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ സെക്രട്ടറി വി പി ജോയ്ക്ക് കത്തയച്ചിരിക്കുന്നത്.