കൽപ്പറ്റ> സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തിലൂടെ തരിയോടിനെ പ്രശസ്തിയിലേക്കുയർത്തി നിർമൽ ബേബി വർഗീസിന്റെ ഡോക്യുമെന്ററി. ‘തരിയോട്’ എന്ന പേരിൽ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് മികച്ച വിദ്യാഭ്യാസ പരിപാടിക്കുള്ള 2020ലെ പുരസ്കാരം നേടിയത്. 1880 മുതൽ 1915 വരെ തരിയോടിലും മലബാറിന്റെ മറ്റു ഭാഗങ്ങളിലും നടന്ന സ്വർണ ഖനനമാണ് 40 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ പ്രമേയം. സ്വർണ ഖനനത്തിനായി വയനാട്ടിലും സമീപ ദേശമായ നീലഗിരിയിലും മുതൽമുടക്കിയ വിദേശ കമ്പനികളുടെ എണ്ണം 30നു മുകളിൽ വരും.
വമ്പിച്ച നഷ്ടത്തിന്റ കണക്കുകളുമായാണ് ഈ കമ്പനികളെല്ലാംതന്നെ പ്രവർത്തനം അവസാനിപ്പിച്ചത്. സ്വർണ ഖനനത്തിന്റെ ഇപ്പോഴത്തെ സാധ്യതകളെക്കുറിച്ചും ഡോക്യുമെന്ററി പ്രതിപാദിക്കുന്നുണ്ട്. ചരിത്രകാരന്മാരായ കെ കെ എൻ കുറപ്പ്, മുണ്ടക്കയം ഗോപി, ഒ കെ ജോണി എന്നിവരുമായുള്ള അഭിമുഖങ്ങളും ഈ ഹ്രസ്വ ചലച്ചിത്രത്തിന്റെ ഭാഗമാണ്. കാസാ ബ്ലാങ്കോ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമൽ ബേബിയുടെ സഹോദരി ബേബി ചൈതന്യയാണ് ഡോക്യുമെന്ററി നിർമിച്ചത്.
ഡോക്യുമെന്ററിയിലൂടെ ഇതിനകം നിരവധി പുരസ്കാരങ്ങൾ ബേബി വർഗീസിന് ലഭിച്ചിട്ടുണ്ട്. ഈ വർഷത്തെ ഹോളിവുഡ് ഇന്റർനാഷണൽ ഗോൾഡൻ ഏജ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററിയായി തെരഞ്ഞെടുത്തത് ‘തരിയോടി’നെയാണ്. നിരവധി യൂറോപ്യൻ മേളകളിൽ ചിത്രം തെരഞ്ഞെടുത്തിരുന്നു. ഡോക്യുമെന്ററിയുടെ സിനിമാറ്റിക് റീമേക്കാണ് തരിയോട്: ദി ലോസ്റ്റ് സിറ്റി. ഈ സിനിമയുടെ ചിത്രീകരണം അടുത്ത വർഷം തുടങ്ങുമെന്ന് നിർമൽ ബേബി പറഞ്ഞു. ഇരുപത്തേഴുകാരനായ നിർമൽ ‘വഴിയെ’ എന്ന പേരിൽ ഫീച്ചർ ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. തരിയോട് പുതുപറമ്പിൽ ബേബി––ലില്ലി ദമ്പതികളുടെ മകനാണ് നിർമൽ ബേബി. അവിവാഹിതനാണ്.