തിരുവനന്തപുരം
ഇടഞ്ഞുനിന്ന മുസ്ലിംലീഗിനെയും ആർഎസ്പിയെയും പാട്ടിലാക്കി കോൺഗ്രസിലെ പുതിയ ചേരി യുഡിഎഫിലും ആധിപത്യം ഉറപ്പിച്ചു. ഡിസിസി പ്രസിഡന്റ് നിയമനത്തിൽ കലാപക്കൊടി ഉയർത്തിയ ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നിശ്ശബ്ദരാക്കിയാണ് കെ സുധാകരനും വി ഡി സതീശനും യുഡിഎഫിൽ മേൽക്കൈ നേടിയത്. മുന്നണി വിടുമെന്ന് ഭീഷണി മുഴക്കിയ ആർഎസ്പിയുമായും കോൺഗ്രസിലെ തമ്മിലടിയിൽ അസംതൃപ്തി അറിയിച്ച മുസ്ലിംലീഗുമായും ചർച്ചനടത്തി.
തെരഞ്ഞെടുപ്പിൽ കാലുവാരിയവർക്കെതിരെ അച്ചടക്കനടപടി എടുക്കാമെന്ന് ആർഎസ്പി നേതാക്കൾക്ക് ഉറപ്പ് നൽകി. ഘടകകക്ഷി സ്ഥാനാർഥിക്കെതിരെ ചിന്തിച്ചവർക്കെതിരെപ്പോലും നടപടി എടുക്കുമെന്നും പുനഃസംഘടനയിൽ അവരെ ഒഴിവാക്കുമെന്നും കെ സുധാകരൻ പറഞ്ഞു. ഉഭയകക്ഷി ചർച്ചയിൽ സംതൃപ്തരാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ അസീസ് പറഞ്ഞു. യുഡിഎഫ് യോഗത്തിനുമുമ്പ് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായും ചർച്ച നടത്തി. യുഡിഎഫിൽ അഭിപ്രായവ്യത്യാസമില്ലെന്നും കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം ഗൗരവമായി കാണുന്നില്ലെന്നും യോഗശേഷം വി ഡി സതീശൻ പറഞ്ഞു.
യുഡിഎഫ് യോഗത്തിൽ മുസ്ലിംലീഗും ആർഎസ്പിയും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും കോൺഗ്രസ് നേതൃത്വത്തിന് പിന്തുണ അറിയിച്ചു. തങ്ങളെ തെരഞ്ഞെടുപ്പിൽ ഘടകകക്ഷിയായി അംഗീകരിച്ചില്ലെന്ന് സി പി ജോൺ പരാതിപ്പെട്ടു.