2019 സെപ്റ്റംബറിൽ ബിരുദം നേടിയ ശേഷം, വടക്കൻ അയർലണ്ടിൽ നിന്നുള്ള ക്രിസ് ഹാർക്കിൻ ജോലി തേടുകയായിരുന്നു. ബയോഡാറ്റയിലെ പ്രസക്ത ഭാഗങ്ങൾ ബുള്ളറ്റ് പോയിന്റുകളായി ക്രമീകരിച്ചും തന്റെ യൂട്യൂബ് ചാനലായ ‘പോപ്പ് കൾച്ചർ ഷോക്ക്-ന്റെ പേരും ഉൾക്കൊള്ളുന്ന ഒരു ബിൽബോർഡാണ് 24-കാരനായ ക്രിസ് ഹാർക്കിൻ സ്ഥാപിച്ചത്.
ഒരാഴ്ചയ്ക്കുള്ളിൽ ജോലിക്കായി 300 അപേക്ഷകളാണ് ക്രിസ് അയച്ചത്. പക്ഷേ ജോലി കണ്ടെത്താനായില്ല. ഇതോടെയാണ് ശ്രദ്ധ നേടാനും അതുവഴി ജോലി സമ്പാദിക്കാനുമായി ഫ്‌ളക്‌സ് ക്രമീകരിച്ചത്. എന്നാലിതുവരെയും ക്രിസിന് ജോലി കിട്ടിയിട്ടില്ല എന്നാണ് വിവരം.
സോഷ്യൽ മീഡിയ മാനേജരായി ജോലി ചെയ്യുന്ന സഹോദരിയുമായി സംസാരിക്കുന്നതിനിടയിലാണ് ഒരു ബിൽബോർഡ് സ്ഥാപിക്കാൻ ക്രിസ് തീരുമാനിച്ചത്. സംഭാഷണത്തിനിടെ പരസ്യ പ്രചാരണത്തിനായി സഹോദരി ജോലി ചെയ്യുന്ന കമ്പനി പരസ്യബോർഡുകൾ വാങ്ങുകയാണെന്ന് ക്രിസ് മനസ്സിലാക്കി. ഇതോടെയാണ് തനിക്ക് ജോലി തരൂ എന്ന രീതിയിൽ പരസ്യം തന്നെ ചെയ്താലോ എന്ന് ക്രിസ് ചിന്തിച്ചത്.
“ഏകദേശം രണ്ട് വർഷത്തോളം ജോലി അന്വേഷിച്ചതിന് ശേഷം ക്രിസ് തീർത്തും നിരാശനായിരുന്നു. അവന്റെ ബയോ ഡാറ്റയുടെ ഒരു വലിയ പതിപ്പ് സൃഷ്ടിക്കാനും ഒരു ബിൽബോർഡ് ഉപയോഗിച്ച് ഇപ്പോൾ ജോലി ലഭിക്കാനുള്ള ബുദ്ധിമുട്ട് മറ്റുള്ളവരെ അറിയിക്കാനും അവൻ തീരുമാനിച്ചു”, ക്രിസിന്റെ സഹോദരി പറഞ്ഞതായി മിറർ റിപ്പോർട്ട് ചെയ്യുന്നു.
ബിൽബോർഡ് ക്രമീകരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും ക്രിസിന് ഇതുവരെ ജോലി ലഭിച്ചിട്ടില്ല. ആരെങ്കിലും തൊഴിൽ തിരയുന്നത് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു പരസ്യബോർഡ് സ്ഥാപിക്കുന്നത് നല്ലതാണ് എന്നാണ് ക്രിസിന്റെ അഭിപ്രായം.