ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ മുഖ്യ പ്രതി മണിച്ചന്റെ രണ്ട് സഹോദരന്മാരെ ശിക്ഷ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ജയിൽ മോചിപ്പിക്കുന്നതിനുള്ള ഉത്തരവിറക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി. റിട്ട. ജഡ്ജി കെ.കെ.ദിനേശൻ ചെയർമാനായ സംസ്ഥാനതല ജയിൽ ഉപദേശകസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഈ നിർദേശം. ചിറയിൻകീഴ്, ആറ്റിങ്ങൽ, പാരിപ്പള്ളി പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ എതിർപ്പ് അവഗണിച്ചാണ് ജയിൽ ഉപദേശക സമിതി പ്രതികളുടെ മോചനത്തിനുള്ള ശുപാർശ കൈമാറിയത്.
കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മണികണ്ഠൻ (കൊച്ചനി), വിനോദ് കുമാർ എന്നിവരുടെ ജയിൽ മോചനം സംബന്ധിച്ച ഉത്തരവ് രണ്ട് ആഴ്ചയ്ക്കിടയിൽ ഇറക്കാനാണ് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചത്. മണികണ്ഠൻ 20 വർഷവും 10 മാസവും ശിക്ഷ അനുഭവിച്ചപ്പോൾ വിനോദ് കുമാർ 21 വർഷമാണ് ശിക്ഷ അനുഭവിച്ചത്. ഓഗസ്റ്റ് 16 ന് ചേർന്ന ജയിൽ ഉപദേശക സമിതി യോഗമാണ് മോചനത്തിനുള്ള ശുപാർശ കൈമാറിയത്. ഈ ശുപാർശയിലാണ് തീരുമാനമെടുക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.
ശിക്ഷാ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് ഇരുവരെയും ജയിലിൽ നിന്ന് വിട്ടയക്കുന്നതിന് എതിരെ മൂന്ന് പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ നൽകിയ മറുപടി തൃപ്തികരമല്ലെന്നു ജയിൽ ഉപദേശക സമിതി വ്യക്തമാക്കി. ഇരുവർക്കും വിദ്യാഭ്യാസമില്ലെന്നും മറ്റ് തൊഴിലുകളിൽ പ്രാവീണ്യം ഇല്ലാത്തതിനാൽ വീണ്ടും വ്യാജ വാറ്റിലേക്ക് തിരിയാൻ ഇടയുണ്ടെന്നും ആണ് പോലീസ് ഉന്നയിച്ച പ്രധാന ആശങ്ക. എന്നാൽ ജയിലിലിന് ഉള്ളിലോ, പുറത്തോ വച്ച് ഇരുവർക്കും എതിരെ പരാതികൾ ഉണ്ടായിട്ടില്ല എന്ന് ജയിൽ ഉദ്യോഗസ്ഥരും ഉപദേശക സമിതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പരോൾ കാലാവധി കഴിയുമ്പോൾ കൃത്യമായി തന്നെ ഇരുവരും ജയിലിൽ മടങ്ങി എത്തിയിരുന്നതായും ജയിൽ ഉദ്യോഗസ്ഥർ ഉപദേശക സമിതിയെ അറിയിച്ചിരുന്നു.
ശിക്ഷാ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് ജയിൽ മോചിതനാക്കണം എന്ന മണികണ്ഠന്റെ ആവശ്യം പന്ത്രണ്ട് തവണ ജയിൽ ഉപദേശകസമിതി ഇതിന് മുമ്പ് പരിഗണിച്ചിട്ടുണ്ട്. വിനോദ് കുമാറിന്റെ അപേക്ഷ പത്ത് തവണയാണ് ജയിൽ ഉപദേശകസമിതി പരിഗണിച്ചിരുന്നത്. എന്നാൽ ചെയ്ത കുറ്റം ഗൗരവ്വമേറിയത് ആയതിനാൽ കാലാവധി പൂർത്തിയാകാതെ ജയിൽ മോചനം വേണ്ട എന്ന തീരുമാനമാണ് ഉപദേശക സമിതി മുൻകാലങ്ങളിൽ സ്വീകരിച്ചത്.
വിനോദിന്റെ ഭാര്യ അശ്വതിയും, മണികണ്ഠന്റെ ഭാര്യ രേഖയുമാണ് ഭർത്താക്കന്മാരുടെ ജയിൽ മോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. ഇരുവർക്കും വേണ്ടി എസ് കെ ഭട്ടാചാര്യ, മാലിനി പൊതുവാൾ എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോൺസൽ ജി പ്രകാശ്, അഭിഭാഷകൻ എം.എൽ ജിഷ്ണു എന്നിവരാണ് ഹാജരായത്.
Content Highlights:Kalluvathukkal hooch tragedy Supreme Court