തിരുവനന്തപുരം: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ കോടികൾ ഉണ്ടാക്കാൻ വേണ്ടി പോലീസിന് ടാർജറ്റ് നൽകിയിരിക്കുകയാണെന്ന് യുഡിഎഫ്യോഗത്തിനുശേഷം അദ്ദേഹം ആരോപിച്ചു.
ക്വാട്ട നിശ്ചിച്ച് കോടിക്കണക്കിന് രൂപ പാവങ്ങളുടെ കൈയിൽ നിന്ന് പോലീസിനെകൊണ്ട്കൊള്ളയടിപ്പിക്കുന്ന വിരോധാഭാസമാണ് കേരളത്തിൽ നടക്കുന്നത്. ജനങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കോടികൾ ഉണ്ടാക്കാൻ വേണ്ടിയുള്ള ടാർജറ്റ് എല്ലാ പോലീസ് സ്റ്റേഷനുകൾക്കും സർക്കാർ നൽകിയെന്നും സതീശൻ ആരോപിച്ചു.
കോടിക്കണക്കിന് രൂപയാണ് പെറ്റിയായി പോലീസ് പാവപ്പെട്ടവരുടെ കൈയിൽ നിന്ന് വാങ്ങിക്കുന്നത്. അത് മഹാമാരിയുടെ കാലത്ത് ജനങ്ങളെ വലിയ ദുരിതത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. ഇതിന് എതിരായുള്ള പ്രതിഷേധം യുഡിഎഫ് യോഗത്തിൽ രേഖപ്പെടുത്തി.
അതേസമയം ഡോളർ കടത്തു കേസിൽ, സ്വർണ്ണക്കടത്തു കേസിലെ പ്രതികുറ്റ സമ്മതത്തിന് സമാനമായ ഒരു മൊഴി കൊടുത്തിട്ടും പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നതിൽ യുഡിഎഫ് യോഗം അത്ഭുതം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നു. ഇതിന് കൃത്യമായ മറുപടി പറയാൻ അദ്ദേഹത്തിന് ഇല്ല എന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുന്നത് എന്ന് യോഗം വിലയിരുത്തി.
തട്ടിപ്പു കേസിൽ പ്രതിയായ ഒരു വനിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്കെതിരായി എഫ്ഐആർ എടുക്കുകയും അത് സിബിഐയ്ക്ക് വിടുകയും ചെയ്ത പിണറായി വിജയൻ, സമാനമായ ഒരു കേസിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി ഉണ്ടായിട്ടും ആ മൊഴിയുടെ പേരിൽ നടപടികളുമായി മുന്നോട്ട് പോകാത്തതും അതിനെക്കുറിച്ച് സംസാരിക്കാത്തതും വിചിത്രമാണെനന്ന് യുഡിഎഫ് യോഗം വിലയിരുത്തി.
യുഡിഎഫിനെ കൂടുതൽ ശക്തിപ്പെടുത്തുകയും കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളെ അവതരിപ്പിക്കുകയുംചെയ്യും. സാധാരണക്കാരുടെ ശബ്ദമായി യുഡിഎഫിനെ മാറ്റാൻ വേണ്ടിയിട്ടുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
Content Highlights: The government has given a target of making crores to the police – VD Satheesan