കണ്ണൂർ> പയ്യന്നൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവിന്റെ മാതാപിതാക്കളെയും പ്രതി ചേർത്തു. ഭർത്താവ് വിജീഷിന്റെ അച്ഛൻ രവീന്ദ്രൻ, അമ്മ പൊന്നു എന്നിവരെയാണ് ആത്മഹത്യ പ്രേരണ ഗാർഹിക പീഡനം എന്നീ വകുപ്പുകൾ പ്രകാരമുള്ള കേസിൽ പ്രതി ചേർത്തത്.
കഴിഞ്ഞ 29 നാണ് കോറോത്തെ കെ വി സുനീഷയെ (26) ഭർതൃ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് സുനീഷയുടെ ബന്ധുക്കൾ ആരോപിക്കുകയും ഇത് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്തുവിടുകയും ചെയ്തിരുന്നു. സുനീഷയുടെ സഹോദരനെയും ബന്ധുക്കളെയും ചോദ്യംചെയ്ത പൊലീസ് സുനീഷയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് വെള്ളൂർ ചേനോത്തെ കിഴക്കേ പുരയിൽ വിജീഷിനെ (27) അറസ്റ്റുചെയ്ത് റിമാൻഡുചെയ്തു.
കേസിൽ പ്രതി ചേർത്തെങ്കിലും മാതാപിതാക്കളെ ഇപ്പോൾ അറസ്റ്റുചെയ്യില്ല. വിജീഷിന്റെ അമ്മ കോവിഡ് ബാധിച്ച് കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അച്ഛൻ വീട്ടിൽ ക്വാറന്റൈനിലും.