തിരുവനന്തപുരം: കോൺഗ്രസിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ. മഞ്ഞുരുകിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതിന് മഞ്ഞുണ്ടായിട്ട് വേണ്ടേയെന്നായിരുന്നു സുധാകരന്റെ മറുപടി.
ഇരുവരുടേയും നേതൃത്വം കോൺഗ്രസിന് ലഭിക്കുമെന്ന് ഉറപ്പാക്കിയാണ് ഞങ്ങൾ പിരിഞ്ഞത്. ഇനി ചർച്ചയില്ലെന്നും ഇവിടെ ചർച്ച തീർന്നെന്നും സുധാകരൻ വ്യക്തമാക്കി.
അവരുടെ പരിഭവങ്ങളൊക്കെ പരിഹരിച്ചു. എല്ലാ പ്രശ്നങ്ങളും തീർന്നു. ഒറ്റക്കെട്ടായി പോകാനുള്ള ധാരണയാണ് ഞങ്ങൾ എടുത്തിട്ടുള്ളത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടാകുംകെപിസിസി അധ്യക്ഷൻ പറഞ്ഞു.
തർക്കം തീർന്നതോടെ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേക്ക് വരുന്നത് മാറ്റിവെച്ചെന്നും സുധാകരൻ കൂട്ടിച്ചേർത്തു.