എടപ്പാൾ : ജുണുവിനെ സംബന്ധിച്ച് പോത്ത് വെറുമൊരു പോത്തല്ല. അത് സ്നേഹിക്കാനുള്ളൊരു മൃഗമാണ്. ഒപ്പം ജീവനോപാധിയും.
ചാലിശ്ശേരി അങ്ങാടി ഹെബ്രോൻ സ്ട്രീറ്റിലെ പുലിക്കോട്ടിൽ സണ്ണിയുടെ മകൻ ജുണുവിന്റെ ഫാമിലെ രണ്ടുവയസ്സുള്ള ബെല്ലാരി കർണനെ കണ്ടാൽ ആർക്കും അതു ബോധ്യപ്പെടും. കേരളത്തിലെ ഏറ്റവുംമികച്ച പോത്തിനെ കണ്ടെത്താൻ ഒരു യൂട്യൂബ് ചാനൽ നടത്തിയ ബെസ്റ്റ് ബുൾ ഓഫ് കേരള ഓൺലൈൻ മത്സരത്തിൽ നാനൂറിലധികം വോട്ടുകൾനേടി ഒന്നാംസ്ഥാനം നേടിയവനാണ് ഇവൻ. ഇതോടെ കളിയല്ല, പോത്തുവളർത്തലെന്ന ധാരണ നാട്ടിലും പരന്നിരിക്കുകയാണ്.
ഗുജറാത്തിൽനിന്നുള്ള ജാഫ്രബാദി ഇനത്തിൽപ്പെട്ടതാണ് കർണൻ. ഗുജറാത്തിലെ രാജകുടുംബങ്ങളിലാണു സാധാരണ ഇത്തരം ജനുസ്സുകളെ വളർത്തിയിരുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന ഇത്തരം പോത്തുകളുടെ വിൽപ്പനയും പലപ്പോഴും മോഹവിലയ്ക്കാണു നടക്കുന്നത്.
രണ്ടുവർഷം മുൻപ് ജുണു ചാലിശ്ശേരിയിൽ തുടങ്ങിയ ഫാമിൽ അൻപതോളം പോത്തുകളുണ്ട്. സുഹൃത്ത് ജിയോ നൽകിയ ആശയമാണ് ഇരുപത്തിയാറുകാരനായ ജുണുവിന് പോത്തുഫാം നടത്താൻ പ്രേരണയായത്. ഹരിയാണയിൽനിന്ന് ഇതിനകം ഇദ്ദേഹം മുപ്പതോളം ലോഡ് പോത്തുകളെ എത്തിച്ച് വിൽപ്പന നടത്തിയിട്ടുണ്ട്. ഉത്തരേന്ത്യയിൽനിന്നുള്ള മുറ ഇനത്തിൽപ്പെട്ട പോത്തുകളാണ് ഇതിൽ ഏറെയും.