ലണ്ടൻ: കരിയറിൽ മോശം ഫോം തുടരുന്ന രഹാനയെ പിന്തുണച്ച് ബാറ്റിങ് പരിശീലകൻ വിക്രം റാത്തോർ. അദ്ദേഹത്തിന്റ ഫോമിനെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യത്തിൽ എത്തിയിട്ടില്ലെന്നും കരിയറിലെ ഒരു പരീക്ഷണ ഘട്ടത്തിലൂടെയാണ് രഹാനെ കടന്ന് പോകുന്നതെന്നും റാത്തോർ പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ രഹാനെ പരമ്പരയിൽ ഇതുവരെ ഒരിക്കൽ മാത്രമാണ് 20ൽ അധികം റൺസ് നേടിയത്. അത് ചൂണ്ടിക്കാട്ടി മുൻതാരങ്ങൾ ഉൾപ്പടെ വിമർശനങ്ങളുമായി രംഗത്തെത്തുമ്പോഴാണ് ബാറ്റിങ് പരിശീലകൻ രഹാനെയെ പിന്തുണക്കുന്നത്.
“നിങ്ങൾ ഒരുപാട് കാലം ക്രിക്കറ്റ് കളിക്കുമ്പോൾ, നിങ്ങൾക്ക് റൺസ് ലഭിക്കാത്ത ഘട്ടങ്ങൾ ഉണ്ടാകും, ഒരു ടീമെന്ന നിലയിൽ അപ്പോൾ അവർക്ക് ഞങ്ങൾക്ക് കഴിയുന്നത്ര പിന്തുണ നൽകേണ്ട സമയമാണ്, ” അദ്ദേഹം ഞായറാഴ്ച നടന്ന വെർച്വൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“പൂജാരയെയും ഇങ്ങനെ കണ്ടു, എന്നാൽ കൂടുതൽ അവസരങ്ങൾ ലഭിച്ചപ്പോൾ, അദ്ദേഹം ഞങ്ങൾക്ക് വേണ്ടി വളരെ പ്രധാനപ്പെട്ട രണ്ട് ഇന്നിംഗ്സുകൾ കളിച്ചു.”
“അജിങ്ക്യയും ഫോമിൽ തിരിച്ചെത്തും, ഇന്ത്യൻ ടീമിന്റെ ബാറ്റിംഗിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു, അതിനാൽ ഫോമിനെ കുറിച്ച് ആശങ്കപ്പെടേണ്ട ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഞാൻ കരുതുന്നു.” അദ്ദേഹം പറഞ്ഞു.
അതേസമയം, ഓവലിലെ കഴിഞ്ഞ രണ്ട് ഇന്നിങ്‌സുകളിലും ജഡേജക്ക് പിന്നിൽ ആറാമനായാണ് രഹാനയെ ഇറക്കിയത്. ആദ്യ ഇന്നിങ്സിൽ 14 റൺസിനും രണ്ടാം ഇന്നിങ്സിൽ പൂജ്യത്തിനും രഹാനെ പുറത്തായിരുന്നു. അതിനു പിന്നാലെ രഹാനെക്ക് ഇടവേള അനിവാര്യമാണെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ താരങ്ങളായ ലക്ഷമണും സഹീർ ഖാനും രംഗത്തെത്തി. രഹാനെക്ക് പകരം സൂര്യകുമാർ യാദവിനെ ഇറക്കണം എന്നാണ് ആരാധകരുടെ പക്ഷം.
The post അദ്ദേഹത്തിന്റെ ഫോം ആശങ്കപ്പെടേണ്ട ഘട്ടത്തിൽ എത്തിയിട്ടില്ല; രഹാനയെ പിന്തുണച്ച് പരിശീലകൻ appeared first on Indian Express Malayalam.