2021 ഏപ്രിൽ 29 ഒരിക്കലും മറക്കാനാകില്ല. അന്നാണ് അച്ഛൻ ഞങ്ങളെ തനിച്ചാക്കി പോയത്. നാലുമാസം പിന്നിട്ടിട്ടും ആ വേർപാട് ഉൾക്കൊള്ളാനായിട്ടില്ല. അച്ഛൻ എവിടെയൊക്കെയോ ഉണ്ടെന്ന തോന്നൽ നൽകുന്ന കരുത്തിലാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്. കൃത്യസമയത്തു മതിയായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ അച്ഛൻ ഇന്നു ഞങ്ങൾക്കൊപ്പമുണ്ടാകുമായിരുന്നു.
അർധരാത്രിയിൽ അസ്വസ്ഥത അനുഭവപ്പെട്ട അച്ഛനെ മിനിറ്റുകൾക്കുള്ളിൽ ഞങ്ങൾക്ക് എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കാനായി. ഡോക്ടർ വിദഗ്ധചികിത്സ നിർദേശിച്ചപ്പോൾ പെരിന്തൽണ്ണയിലോ കോഴിക്കോട്ടോ ഉള്ള ആശുപത്രികൾ മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന പോംവഴി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നേരത്തേ ചികിത്സ എന്നതിനാൽ പെട്ടെന്നുതന്നെ അവിടേക്ക് എത്തിക്കാനാണു ശ്രമിച്ചത്. പക്ഷേ, വഴിമധ്യേ മഞ്ചേരിയിൽവെച്ച് അച്ഛൻ ഞങ്ങളെ വിട്ടുപോയി.
മലയോരമേഖലയായ നിലമ്പൂരിൽ മതിയായ ചികിത്സാസൗകര്യമുള്ള ഒരാശുപത്രിയുണ്ടായിരുന്നെങ്കിൽ അച്ഛനെ രക്ഷിക്കാൻ കഴിയുമായിരുന്നു. ഇവിടത്തെ ജില്ലാ ആശുപത്രിയിൽ ഹൃദ്രോഗവിഭാഗം വേണമെന്നത് ഏറെനാളത്തെ ആവശ്യമാണ്. ഈ ആവശ്യത്തിനുനേരെ ഇനിയും കണ്ണടച്ചുകൂടാ. ഇനി ഒരാൾക്കും എന്റെ അവസ്ഥ ഉണ്ടായിക്കൂടാ. പൊതുപ്രവർത്തകനായതിനാൽ അച്ഛനെ എല്ലാവർക്കുമറിയാം. അതിനാൽ മരണവും എല്ലാവരും അറിഞ്ഞു. മതിയായ ചികിത്സാസൗകര്യമില്ലാത്തതിനാൽ പുറംലോകമറിയാതെ എത്രപേർ മരിച്ചുപോയിട്ടുണ്ടാകും.
എല്ലാവരുടെയും ജീവൻ വിലപ്പെട്ടതാണ്. നിലമ്പൂരിൽ ആധുനിക ചികിത്സാസംവിധാനത്തിന്റെ അപര്യാപ്തത അച്ഛൻ ഗൗരവത്തോടെ കണ്ടിരുന്നു. പരിഹാരത്തിനു കൂടിയോലോചനകളും നടത്തിയിരുന്നു. ഒന്നും പൂർത്തിയാക്കാനായില്ല. ചികിത്സാ അപര്യാപ്തത പരിഹരിച്ച് ഇനിയൊരു ജീവൻകൂടി നഷ്ടപ്പെടാതെ നമുക്കു സംരക്ഷിക്കാനായാൽ തീർച്ചയായും അതെന്റെ അച്ഛനുനൽകാവുന്ന ഏറ്റവും വലിയ ആദരവാകും. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും അതിനു മുന്നിട്ടിറങ്ങണം.
അന്തരിച്ച മുൻ ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശിന്റെ മകൾ
Content Highlight: Daughter Nandana remembers VV Prakash