ആലപ്പുഴ: കോൺഗ്രസ് പാർട്ടിയിൽ പ്രശ്നം ഉണ്ടായിട്ടുണ്ടെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുടുംബത്തിലെ പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനുള്ളതാണ്. അത് ചർച്ചകളിലൂടെ പരിഹരിക്കുമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.
ഹരിപ്പാട് രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം. നേരത്തെ ഉമ്മൻ ചാണ്ടിയുമായി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ച.
കോൺഗ്രസിൽ തുടർച്ചയായുള്ള ചർച്ചകൾ നടത്തും. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചകൾ നടത്തും. എല്ലാവരേയും പൂർണ്ണമായും വിശ്വാസത്തിലെടുത്തുകൊണ്ട് ചർച്ചകൾ നടത്തും. ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ നൽകേണ്ട നേതാക്കളാണ് അവർ രണ്ടുപേരും. ആരേയും വെയിലത്ത് നിർത്തി പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റില്ലെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. തെറ്റിദ്ധാരണകൾ പെട്ടെന്ന് തന്നെ പരിഹരിക്കും. എല്ലാവരേയും ചേർത്തുപിടിച്ച്പോകണമെന്നാണ് ഹൈക്കമാൻഡ് നേരത്തെ തന്നെ നിർദ്ദേശിച്ചത്. അത് അക്ഷരാർത്ഥത്തിൽ ചെയ്യും. എല്ലാ സംഘടനകളിലും ഇതുപോലെ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രശ്നപരിഹാരത്തിനായി വിഡി സതീശൻ ചർച്ചയ്ക്ക് മുൻകൈയെടുത്തത് നല്ല കാര്യമാണെന്നും പൂർണ്ണമായും സഹകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Content Highlight: VD satheesan press meet – after meet Ramesh chennithala in Harippad