കോഴിക്കോട്> കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ് പുറത്തിറക്കി. കഴിഞ്ഞ മാസം 27 ന് വൈകിട്ട് അയല്പക്കത്തെ കുട്ടികള്‍ക്കൊപ്പം കളിച്ചു, 28 ന് വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. 29 ന് എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്സ് ക്ലിനിക്കില്‍ ഓട്ടോറിക്ഷയില്‍ പോയി. 30 ന് വീട്ടില്‍ തന്നെ. ഓഗസ്റ്റ് 31 ന് കുട്ടിയെ മുക്കത്തെ ഇ എം എസ് ആശുപത്രിയില്‍ കാണിച്ചു.
ഇ എം എസ് ആശുപത്രിയില്‍ നിന്ന് ഓമശേരി ശാന്തി ആശുപത്രിയിലെത്തി. ഓഗസ്റ്റ് 31 ന് തന്നെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി. ഈ മാസം ഒന്നിന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയത്.നിപ ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ടില്‍ കേന്ദ്രസംഘം പരിശോധന നടത്തി. ഡോ. രഘുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
പാഴൂരിലെ മുന്നൂരിലുള്ള കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ സംഘം പ്രദേശവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.കുട്ടിയുടെ സമ്പര്‍ക്കം സംബന്ധിച്ചും സമീപ ദിവസങ്ങളില്‍ കുട്ടി എവിടെയെല്ലാം പോയിരുന്നു എന്നത് സംബന്ധിച്ചുള്ള വിവരങ്ങളും സംഘം ശേഖരിച്ചു. ഏതാനും ദിവസം മുമ്പ് ഇവിടെയുള്ള ഒരു റമ്പൂട്ടാന്‍ മരത്തില്‍ നിന്ന് കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരുന്നു എന്ന് പറയുന്നുണ്ട്. ഇതില്‍ നിപ ബാധക്ക് സാധ്യതയുണ്ടോ എന്നും സംഘം പരിശോധിക്കും.