കോഴിക്കോട് > കോഴിക്കോട് ചാത്തമംഗലത്ത് നിപാ ബാധിച്ചു മരിച്ച പന്ത്രണ്ട് വയസുകാരന്റെ മൃതദേഹം കണ്ണംപറമ്പ് ശ്മശാനത്തിൽ സംസ്കരിച്ചു. ഇന്ന് ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് സ്വകാര്യ ആശുപത്രിയിലെത്തി ആരോഗ്യവകുപ്പ് സംഘം മൃതദേഹം ഏറ്റെടുത്തത്. തുടർന്ന് ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ മൃതദേഹം സംസ്കരിച്ചു. കുട്ടിയുടെ അഞ്ചു ബന്ധുക്കൾ പിപിഇ കിറ്റുകൾ ധരിച്ച് സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
നിലവിൽ രോഗലക്ഷണമുള്ള രണ്ട് പേർ ആരോഗ്യപ്രവർത്തകരാണെന്നും നിപാ ബാധിതനായ കുട്ടിയെത്തിയ സ്വകാര്യ ആശുപത്രിയിലേയും മെഡിക്കൽ കോളേജിലേയും ജീവനക്കാരാണ് ഇവരെന്നും നിപാ അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 188 പേരാണുള്ളത്. ഇവരിൽ 20 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലാണ്. ഇവരുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല് കോളജിലെ പേ വാര്ഡ് നിപാ വാര്ഡാക്കി മാറ്റി പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 20 പേരെയും ഇന്ന് വൈകുന്നേരത്തോടെ ഇവിടെ പ്രവേശിപ്പിക്കും. മരിച്ച കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര് പരിധിയില് കണ്ടെയിന്റ്മെന്റ് സോണാക്കി. കോഴിക്കോട്, മലപ്പുറം, കണ്ണൂര് ജില്ലകളിൽ ജാഗ്രത നിര്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.