കോട്ടയം > നേതൃത്വത്തോട് ഇടഞ്ഞുനില്ക്കുന്ന ഉമ്മന്ചാണ്ടിയെ അനുനയിപ്പിക്കാന് പുതുപ്പള്ളിയിലെ വസതിയില് പ്രതിപക്ഷ നേതാവ് വി ഡി സതീശന് എത്തി. ഞായറാഴ്ച രാവിലെയായിരുന്നു സന്ദര്ശനം. ഇരുവരും തമ്മില് അര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്ന്ന വിവാദങ്ങള്ക്ക് പിന്നാലെയാണ് കൂടിക്കാഴ്ച.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഉമ്മന്ചാണ്ടി കോണ്ഗ്രസില് പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞു. ഇപ്പോള് സംഭവിച്ച പ്രശ്നങ്ങളില് ബുദ്ധിമുട്ടുണ്ടായി. അതില് വേദനയുണ്ട്. താനും രമേശ് ചെന്നിത്തലയും ചില വിഷയങ്ങള് ഉന്നിച്ചിട്ടുണ്ട്. ചര്ച്ചയിലൂടെ പ്രശ്നങ്ങള് പരിഹരിക്കേണ്ടതുണ്ടെന്നും ഉമ്മന്ചാണ്ടി ആവര്ത്തിച്ചു. ഗ്രൂപ്പില്ലാതെ കോണ്ഗ്രസ് മുന്നോട്ടുപോകുമോ എന്ന ചോദ്യത്തിന് ‘കോണ്ഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കന്ഡ്’ എന്നായിരുന്നു ഉമ്മന്ചാണ്ടിയുടെ മറുപടി.
മുതിര്ന്ന നേതാക്കള്ക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോ പ്രയാസങ്ങളോ ഉണ്ടെങ്കില് അത് പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നും അതാണ് കോണ്ഗ്രസ് പ്രവര്ത്തകര് ആഗ്രഹിക്കുന്നതെന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളെന്ന നിലയില് തനിക്കും കെപിസിസി പ്രസിഡന്റിനും പ്രശ്നങ്ങള് പരിഹരിക്കുവാന് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.