തിരുവനന്തപുരം> സ്ത്രീസമത്വത്തിനായി സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന സാംസ്കാരിക മുന്നേറ്റം ‘സമം’ ക്യാമ്പയിന് തുടക്കം. സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ക്യാമ്പയിന്റെ ഭാഗമായി സാംസ്കാരിക വകുപ്പ് ഒരുവർഷം നീളുന്ന പരിപാടികൾ സംഘടിപ്പിക്കും. ചലച്ചിത്ര അക്കാദമി, കെഎസ്എഫ്ഡിസി, ഭാരത് ഭവൻ, മലയാളം മിഷൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളാണ് നേതൃത്വം നൽകുക.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ലിംഗസമത്വം അടിസ്ഥാന പൗരാവകാശമെന്ന സന്ദേശമാണ് പദ്ധതി മുന്നോട്ടുവയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഓരോ വീട്ടിലും പദ്ധതിയുടെ ആശയം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ഗായിക കെ എസ് ചിത്രയെ മന്ത്രി പ്രഖ്യാപിച്ചു. പദ്ധതിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കെ എസ് ചിത്ര പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങൾ വഴിയും കുടുംബശ്രീ യൂണിറ്റുകൾ മുഖേനയും ക്യാമ്പയിൻ വിജയമാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.
ചടങ്ങിൽ കെ എസ് ചിത്ര, നഞ്ചിയമ്മ, ലക്ഷ്മിക്കുട്ടിയമ്മ, എം ഡി വത്സമ്മ, ജസ്റ്റിസ് എം ഫാത്തിമാബീവി, മുൻ ഡിജിപി ആർ ശ്രീലേഖ, മേയർ ആര്യ രാജേന്ദ്രൻ, ഡോ. കെ ഓമനക്കുട്ടി, നാടക–-സിനിമ പ്രവർത്തക സേതുലക്ഷ്മി, കാമറ വിമെൻ ഫൗസിയ ഫാത്തിമ, വനിതാ ആംബുലൻസ് ഡ്രൈവർ ദീപ ജോസഫ്, ആഴക്കടൽ മത്സ്യബന്ധനമേഖലയിൽ പ്രവർത്തിക്കുന്ന കെ സി രേഖ എന്നിവരെ ആദരിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ, വി കെ പ്രശാന്ത് എംഎൽഎ, റാണി ജോർജ്, സുജസൂസൻ ജോർജ്, എസ് സതീഷ് തുടങ്ങിയവർ പങ്കെടുത്തു. സമൂഹത്തിന്റെ വിവിധ മേഖലയിലെ പ്രമുഖരും പങ്കെടുത്തു. അടുത്ത ഒരു വർഷത്തിനിടെ വിവിധ മേഖലയിലെ 1001 വനിതകളെ ആദരിക്കും.