കൊച്ചി > കാക്കനാട് ഫ്ലാറ്റിൽനിന്ന് മയക്കുമരുന്ന് പിടിച്ച കേസിലെ മുഖ്യ ഏജന്റിനെ പിടികൂടാൻ അന്വേഷണം ശക്തമാക്കി എക്സൈസ് ക്രൈംബ്രാഞ്ച്. ‘രാജാവെ’ന്ന പേരിലറിയപ്പെടുന്ന വയനാട് സ്വദേശി ജിതിനെ പരിചയമുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതുവഴി ഇയാൾ ഉപയോഗിക്കുന്ന മറ്റു ഫോൺനമ്പറുകൾ കണ്ടെത്താനും എക്സൈസ് ലക്ഷ്യമിടുന്നു.
നിലവിൽ പ്രതികളുടെ ഫോൺനമ്പർ പരിശോധിച്ചതിൽനിന്ന് ജിതിന്റെ ഒരു നമ്പർ കണ്ടെത്തിയിരുന്നുവെങ്കിലും ഇത് നിലവിൽ സ്വിച്ച് ഓഫാണ്. ഫോൺ അവസാനമായി ഉപയോഗിച്ചത് ഗോവയിൽനിന്നാണ്. എന്നാൽ, ഇത് അന്വേഷണം വഴിതെറ്റിക്കുന്നതിനാണെന്നും സംശയമുണ്ട്. മയക്കുമരുന്നുസംഘങ്ങളിൽ ഉൾപ്പെടുന്നവർ ഒന്നിലധികം ഫോണുകൾ ഉപയോഗിക്കുന്നത് പതിവാണ്. സാധാരണ ഉപയോഗത്തിന് ഒന്നും മയക്കുമരുന്ന് ഡീൽ ഉറപ്പിക്കുന്നതിന് വേറെയും. അതിനാൽ ഇയാളുടെ മറ്റ് നമ്പറുകൾ കണ്ടെത്താനാണ് ശ്രമം.
പ്രതികൾ മയക്കുമരുന്ന് വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് നെട്ടൂരും പനങ്ങാടും വെള്ളിയാഴ്ച പരിശോധന നടത്തി. കാക്കനാട് പ്രതികളുടെ അപ്പാർട്മെന്റിൽ ആദ്യം റെയ്ഡ് നടത്തിയ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, കൊച്ചി കസ്റ്റംസ് പ്രിവന്റീവ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുമായി എക്സൈസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ശേഖരിച്ചു.