കോട്ടയം > കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ രമേശ് ചെന്നിത്തലയ്ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടി. തീകെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തം കുത്തി ആളിക്കത്തിക്കരുതെന്നും ഉമ്മന്‍ചാണ്ടിയെ മറയാക്കി പുറകില്‍നിന്ന് കളിക്കരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ അവഗണിക്കുന്ന പ്രശ്നമേയില്ല. അദ്ദേഹത്തിന്റെ പിന്നിലൊളിക്കുന്ന നിലപാട് ആരും എടുക്കേണ്ട. പറഞ്ഞതില്‍ ചെന്നിത്തലയ്ക്കു പശ്ചാത്തപിക്കേണ്ടി വരുമെന്നും കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തുറന്നടിച്ചു.
കോണ്‍ഗ്രസ് കേരളത്തില്‍ വളരെ ദുര്‍ബലമായ സാഹചര്യത്തിലാണുള്ളത്. പാര്‍ടിയെ വേദനിപ്പിക്കുന്നതൊന്നും താന്‍ പറയില്ല. പുതിയ നേതൃത്വത്തിന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് വേണ്ടത്. അതിനുപകരം കണ്ണുകെട്ടി കല്ലെടുത്ത് എറിയരുതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.