ന്യൂഡൽഹി> കേരള ഹൈക്കോടതി ജഡ്ജിമാരായി എട്ടുപേരെ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. നാലു പേർ അഭിഭാഷകരാണ്. മറ്റുള്ളവർ ജുഡീഷ്യൽ സർവീസിൽ നിന്നാണ്. ശോഭ അന്നമ്മ ഈപ്പൻ, സൻജീത കല്ലൂർ അറയ്ക്കൽ, ബസന്ത് ബാലാജി, അരവിന്ദകുമാർ ബാബു തവരക്കാട്ടിൽ എന്നിവരാണ് കേരള ഹൈക്കോടതിയിലേക്ക് ശുപാർശ ചെയ്യപ്പെട്ട അഭിഭാഷകർ. സി ജയചന്ദ്രൻ, സോഫി തോമസ്, പി ജി അജിത് കുമാർ, സി എസ് സുധ എന്നിവരെ ജുഡീഷ്യൽ സർവീസിൽനിന്ന് ശുപാർശ ചെയ്തു.
12 ഹൈക്കോടതിയിലേക്കായി ആകെ 68 പേരെ ശുപാർശ ചെയ്തു. 10 പേർ വനിതകളാണ്. ആദ്യമായാണ് ഹൈക്കോടതികളിലേക്ക് ഇത്രയധികം ജഡ്ജിമാരെ ഒന്നിച്ച് ശുപാർശ ചെയ്യുന്നത്. നിയമ മന്ത്രാലയം അംഗീകരിച്ച് രാഷ്ട്രപതി ഉത്തരവിറക്കുന്നതോടെ നിയമനപ്രക്രിയ പൂർണമാകും.
ചീഫ്ജസ്റ്റിസ് എൻ വി രമണ്ണ, ജസ്റ്റിസുമാരായ യു യു ലളിത്, എൻ വി ഖാൻവിൽകർ എന്നിവരുൾപ്പെട്ട കൊളീജിയമാണ് 68 പേരെ ഹൈക്കോടതി ജഡ്ജിമാരായി ശുപാർശ ചെയ്തത്. ആഗസ്ത് അഞ്ചിനും സെപ്തംബർ ഒന്നിനുമായി ചേർന്ന കൊളീജിയം യോഗങ്ങൾ 112 പേര് പരിഗണിച്ചു. 16 പേരുടെ കാര്യത്തിൽ കൂടുതൽ വിശദാംശം തേടി.
പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള മർലി വാൻചുങ്ങിനെ ഗുവാഹത്തി ഹൈക്കോടതിയിലേക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാൽ മിസോറമിൽ നിന്നുള്ള ആദ്യ ഹൈക്കോടതി ജഡ്ജിയായിരിക്കും വാൻചുങ്. നിയമ മന്ത്രാലയം തിരിച്ചയച്ച 11 പേര് കൊളീജിയം വീണ്ടും നിർദേശിച്ചിട്ടുണ്ട്.
കേരളത്തിനും ഗുവാഹത്തിക്കും പുറമെ അലഹബാദ്, രാജസ്ഥാൻ, കൊൽക്കത്ത, ജാർഖണ്ഡ്, ജമ്മു–-കശ്മീർ, മദ്രാസ്, മധ്യപ്രദേശ്, കർണാടക, പഞ്ചാബ് ആൻഡ് ഹരിയാന, ഛത്തീസ്ഗഢ് ഹൈക്കോടതികളിലേക്കാണ് ജഡ്ജിമാരെ ശുപാർശ ചെയ്തിരിക്കുന്നത്. തെലങ്കാന ഹൈക്കോടതിയിലേക്ക് ഏഴ് ജഡ്ജിമാരുടെ പേര് ആഗസ്ത് 17ന് ശുപാർശ ചെയ്തിരുന്നു. സുപ്രീംകോടതിയിലേക്ക് ശുപാർശ ചെയ്ത ഒമ്പത് ജഡ്ജിമാർ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു.