പയ്യന്നൂർ > ഭർതൃവീട്ടിൽ യുവതി ആത്മഹത്യചെയ്ത കേസിൽ ഭർത്താവ് റിമാൻഡിൽ. കോറോത്തെ കെ വി സുനീഷ (26) തൂങ്ങിമരിച്ച കേസിലാണ് ഭർത്താവ് വെള്ളൂർ ചേനോത്തെ കിഴക്കേ പുരയിൽ വിജീഷിനെ (27) റിമാൻഡുചെയ്തത്. ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണക്കുമാണ് വിജീഷിനെതിരെ കേസ്.
ഞായറാഴ്ച വൈകിട്ടാണ് കുളിമുറിയിൽ സുനീഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് സുനീഷയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ശബ്ദസന്ദേശവും പുറത്തുവിട്ടു. സഹോദരനെയും ബന്ധുക്കളെയും ചോദ്യംചെയ്ത പൊലീസ് സുനീഷയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിരുന്നു.
കോവിഡ് പോസിറ്റീവായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വിജീഷിന്റെ അമ്മയെയും സമ്പർക്ക വിലക്കിലുള്ള അച്ഛനെയും ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു.