കാബൂൾ > അമേരിക്കയും സഖ്യസേനയും പൂർണമായും പിൻവാങ്ങിയതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാൻ സർക്കാരിനെ മുല്ല അബ്ദുൾ ഗനി ബറാദർ നയിക്കും. മുല്ല ഒമറിന്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബ്, ഷെര് മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായി എന്നിവർ സർക്കാരിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുമെന്നും താലിബാൻ കേന്ദ്രങ്ങൾ വ്യക്തമാക്കി. ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
1994 മുതൽ താലിബാന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നാലുപേരിൽ ഒരാളാണ് അബ്ദുൽ ഗനി ബറാദർ. ഹബീബത്തുല്ല അഖുന്ദ്സാദ താലിബാന്റെ പരമോന്നത നേതാവായി തുടരുമ്പോഴും ചിരപരിചിത വ്യക്തിത്വവും താലിബാന്റെ രാഷ്ട്രീയ മുഖവുമാണ് അബ്ദുൽ ഗനി ബറാദർ. ദോഹ കേന്ദ്രീകരിച്ചായിരുന്നു ബറാദറിന്റെ പ്രവർത്തനം. താലിബാൻ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ ദോഹയിൽ നിന്ന് ബറാദർ കാബൂളിലെത്തിയതായി വാർത്തകളുണ്ടായിരുന്നു.
1968 -ൽ ദേരാവുഡ് ജില്ലയിലെ വീറ്റ്മാക് ഗ്രാമത്തിലാണ് ഗനി ബറാദർ ജനിച്ചത്. എഴുപതുകളിൽ മുല്ല ഒമറിനൊപ്പം സോവിയറ്റ് പട്ടാളത്തോട് പോരാടിയാണ് ബറാദർ മുൻനിരയിലേക്കെത്തുന്നത്. തുടർന്ന് മുല്ല ഒമറിനൊപ്പം താലിബാൻ രൂപീകരിക്കുന്നതിന് നേതൃത്വം നൽകി. ഹെറാത്ത് നിംറൂസ് പ്രവിശ്യയുടെ ഗവർണറായി താലിബാൻ ഭരണകാലത്ത് ബറാദർ പ്രവർത്തിച്ചു.
2010 -ൽ സിഐഎയും ഐഎസ്ഐയും ചേർന്ന് കറാച്ചിക്കടുത്തുനിന്ന് ബറാദറിനെ പിടികൂടി. തുടർന്ന് വർഷങ്ങളോളം അഫ്ഗാനിസ്ഥാനിൽ തടവിലായിരുന്നു. പിന്നീട്, 2018 സെപ്റ്റംബർ 21ന് അമേരിക്ക ഇടപെട്ടു മോചിപ്പിച്ചു.