തിരുവനന്തപുരം > യുഡിഎഫിന്റെ തകർച്ചയുടെ വേഗം വർധിച്ചുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. ദേശീയതലത്തിൽ കോൺഗ്രസ് ഭരണമുള്ള മൂന്ന് സംസ്ഥാനങ്ങൾ ചേരിതിരിഞ്ഞ് പരസ്പരം തർക്കിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ചാബ് പോലെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ഈ പോരെന്നും വിജയരാഘവൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർണാടകയിൽ ബിജെപിക്ക് സർക്കാർ ഉണ്ടാക്കാൻ അവസരം കൊടുത്തത് കോൺഗ്രസിനുള്ളിലെ തർക്കങ്ങളാണ്. ദേശീയതലത്തിൽ ശക്തി ചോർന്നപ്പോഴും കോൺഗ്രസ് പിടിച്ചുനിന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ഇപ്പോൾ ഇവിടെയും സ്ഥിതിമാറി. ഉൾപാർട്ടി ജനാധിപത്യമില്ലായ്മ അവരുടെ മുഖമുദ്രയായിമാറി. ഡിസിസി അധ്യക്ഷസ്ഥാനം തീരുമാനിച്ചതിന് ശേഷം ഇത് രൂക്ഷമായി. തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവുമില്ലാത്ത പാർട്ടിയാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ്. ഈ തർക്കങ്ങൾ അനന്തമായി മുന്നോട്ടുപോകും. പരസ്പരം തർക്കിക്കുന്ന പാർട്ടിക്ക് സെമി കേഡർ പാർട്ടി എന്ന പേരും നൽകിയിരിക്കുന്നു.
കൃത്യമായ നയങ്ങളില്ല എന്നതാണ് മറ്റൊന്ന്. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ വലിയ ആപത്താണ്. ഇത് മനസിലാക്കാനോ കൃത്യമായ നയം സ്വീകരിക്കാനോ കോൺഗ്രസിന്കഴിയുന്നില്ല. സിപിഐ എം അതിനെതിരായ നയങ്ങൾ തുടരുകയാണ്. ആറ് ലക്ഷം കോടിയുടെ സ്വകാര്യവത്ക്കരണത്തിലേക്കാണ് കേന്ദ്രം കടന്നുകൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് കോടിരൂപ വിറ്റഴിക്കലിലൂടെ നേടുക എന്ന നിലയിലേക്ക് അവർ പോയി. നാളെ വഴിയിലൂടെ നടക്കാനും പണം കൊടുക്കേണ്ട അവസ്ഥയിലേക്ക് എത്തി. പെട്രോൾ, പാചകവാതക വിലവർധനവ് ജനങ്ങളെ ദുരിതത്തിലാക്കി. ഇതിനെതിരെ ജനങ്ങളെ അണിനിരത്താൻ കോൺഗ്രസിന് താൽപര്യമില്ല. എന്നാൽ സിപിഐ എം കൃത്യമായ നിലപാട് സ്വീകരിച്ചാണ് മുന്നോട്ടുപോകുന്നത്. സെപ്തംബർ 9 ന് പതിനായിരക്കണക്കിന് കേന്ദ്രങ്ങളിലാകും പ്രതിഷേധ ദിനം. ചുരുങ്ങിയത് 30000 കേന്ദ്രങ്ങളിൽ ഈ സമരം നടക്കും.
സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങൾ ഈ മാസം 15 മുതൽ ആരംഭിക്കും. സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും. തീയതി പിന്നീട് തീരുമാനിക്കും. ജില്ലാ സമ്മേളന തീയതികൾ: തിരുവനന്തപുരം – ജനുവരി 14,15,16, കൊല്ലം – ഡിസം. 31, 1,2, ആലപ്പുഴ – ജനുവരി 28,29,30, എറണാകുളം – ഡിസം. 14,15,16, ഇടുക്കി – ജനുവരി 4,5,6, കോട്ടയം – ജനുവരി 14,15,16, തൃശ്ശൂർ – ജനുവരി 21,22,23, പാലക്കാട് – ഡിസം. 31, ജനു. 1,2, കോഴിക്കോട് – ജനുവരി 10, 11,12, വയനാട് – ഡിസം. 14,15,16, കണ്ണൂർ – ഡിസം. 10,11,12, കാസർകോട് – ജനുവരി 21,22,23. ജനാധിപത്യ ഉള്ളടക്കം ഉയർത്തിപ്പിടിച്ചാകും സിപിഐ എം സമ്മേളനങ്ങൾ നടത്തുക. രാഷ്ട്രീയ പ്രമേയവും സമ്മേളനങ്ങൾക്കിടയിൽ ചർച്ച ചെയ്യും.
ആർഎസ്പി ഇപ്പോഴും യുഡിഎഫിലെ കക്ഷിയാണെന്നും, അവരവിടെ നിൽക്കുമ്പോൾ മുന്നണിമാറ്റത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും വിജയരാഘവൻ പറഞ്ഞു. എവിടെ നിൽക്കണമെന്ന് അവരാണ് തീരുമാനിക്കേണ്ടത്. അഖിലേന്ത്യ തലത്തിൽ ഇടതുപക്ഷ മുന്നണിയുമായി സഹകരിച്ചുകൊണ്ടാണ് ആർഎസ്പി പ്രവർത്തിക്കുന്നത്. മുന്നണി വിടാതെ ആ വിഷയത്തിൽ എന്തെങ്കിലും പറയുന്നതിൽ കാര്യമില്ല – വിജയരാഘവൻ പറഞ്ഞു.