തിരുവനന്തപുരം > മുൻ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത് സിപിഐ എമ്മിനൊപ്പം. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ ഏകെജി സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ പ്രശാന്തിനെ സിപിഐ എമ്മിലേക്ക് സ്വീകരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു പ്രശാന്ത്.
സാധരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന, മതനിരപേക്ഷത സംരക്ഷിക്കുന്ന പാർട്ടിയാണ് സിപിഐ എം. അതുകൊണ്ടാണ് സിപിഐ എമ്മിനൊപ്പം ചേർന്നത്. പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ആത്മാർഥതയോടെ നിറവേറ്റും. ഉപാധികളില്ലാതെയാണ് സിപിഐ എമ്മിൽ ചേർന്നതെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.
ഡിസിസി അധ്യക്ഷ നിയമനത്തിൽ കെ സി വേണുഗോപലിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധിക്ക് പ്രശാന്ത് കത്തെഴുതിയിരുന്നു. ഡിസിസി തിരുവനന്തപുരം അധ്യക്ഷനായി നിയമിച്ച പാലോട് രവിക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് പി എസ് പ്രശാന്തിനെ കോൺഗ്രസ് പുറത്താക്കുകയായിരുന്നു.