തിരുവനന്തപുരം: മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വാക്സിൻ ക്ഷാമം. ആറു ജില്ലകളിൽ കോവിഷീൽഡ് വാക്സിൻ ഇല്ല. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കോവിഷീൽഡ് വാക്സിൻ പൂർണ്ണമായും തീർന്നതായാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഇനി ബാക്കിയുള്ളത് 1.4 ലക്ഷം ഡോസ് വാക്സിൻ മാത്രമാണ്. എല്ലാ ജില്ലകളിലും കുറഞ്ഞ തോതിൽ കൊവാക്സിനാണ് സ്റ്റോക്ക് ഉള്ളത്.
എത്രയും വേഗത്തിൽ കൂടുതൽ വാക്സിനുകൾ സംസ്ഥാനത്ത് എത്തിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ആവശ്യപ്പെട്ടു. എന്നാൽ വാക്സിൻ എപ്പോഴാണ് സംസ്ഥാനത്ത് എത്തുക എന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
ഈ മാസം 30-നകം 18 വയസ്സ് കഴിഞ്ഞ എല്ലാവരുടേയും ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. എന്നാൽ വാക്സിൻ ക്ഷാമം തുടർന്നാൽ ലക്ഷ്യത്തിന് ഒരു തിരിച്ചടിയാകും.അതുകൊണ്ട് വൈകാതെ തന്നെ വാക്സിൻ സംസ്ഥാനത്ത് എത്തിക്കണമെന്ന ആവശ്യമാണ് കേന്ദ്രത്തോട് കേരളം ഉന്നയിച്ചിരിക്കുന്നത്.
Content highlights: Vaccine shortage in Kerala, Only 1.4 lakh doses of vaccine are in stock