ആലപ്പുഴ: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തന വീഴ്ച അന്വേഷിച്ച സി.പി.എം. സമിതി റിപ്പോർട്ട് സമർപ്പിച്ചു. മുൻമന്ത്രി ജി. സുധാകരന് പ്രവർത്തന വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് സൂചന. നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സെക്രട്ടേറിയേറ്റാണ്.
അമ്പലപ്പുഴയിലെ പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തില്ല എന്ന ആക്ഷേപം നേരിട്ട ജി. സുധാകരന് എതിരെയാണ് സി.പി.എം. സംസ്ഥാനസമിതി രണ്ടംഗ സമിതിയെ നിയോഗിച്ചത്. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗമായ എളമരം കരീമും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കെ.ജെ. തോമസും അടങ്ങുന്ന കമ്മിഷൻ അന്വേഷണം പൂർത്തിയാക്കി ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റിൽ റിപ്പോർട്ട് സമർപ്പിച്ചു. അമ്പലപ്പുഴയിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ജി. സുധാകരന്റെ ഭാഗത്തുനിന്ന് പ്രവർത്തനത്തിൽ പോരായ്മകളുണ്ടായിട്ടുണ്ടെന്ന് എന്ന പരാമർശം റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
ഏതെങ്കിലും തരത്തിലുള്ള നടപടിയെടുക്കണമെന്ന കാര്യം കമ്മിഷൻ ശുപാർശ ചെയ്തിട്ടില്ല. അങ്ങനെ ശുപാർശ ചെയ്യാൻ കമ്മിഷന് സാധിക്കുകയുമില്ല. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ എന്തുവേണമെന്ന് നിശ്ചയിക്കുന്നത് സംസ്ഥാന സെക്രട്ടേറിയറ്റാണ്. സി.പി.എം. പോളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണൻ ഇന്ന് യോഗത്തിൽ പങ്കെടുക്കാത്തതുകൊണ്ട് ഈ റിപ്പോർട്ട് ചർച്ചയ്ക്ക് എടുത്തില്ല. കോടിയേരി കോവിഡ് മുക്തനായി എത്തിയ ശേഷമേ റിപ്പോർട്ട് ചർച്ചയ്ക്ക് പരിഗണിക്കുകയുള്ളൂ.
പാർട്ടി സമ്മേളനങ്ങൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിലും അമ്പലപ്പുഴയിലെ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട നടപടികൾ തുടർന്നു പോകുന്നതിൽ തടസ്സമില്ലെന്നാണ് പാർട്ടി നേതാക്കളിൽനിന്നാണ് അറിയാൻ കഴിയുന്നത്. തിരഞ്ഞെടുപ്പിലെ പ്രവർത്തനവീഴ്ച ബന്ധപ്പെട്ട കാര്യങ്ങളിൽ നടപടിയെടുക്കുന്നതിന് പാർട്ടി സമ്മേളനങ്ങൾ പ്രഖ്യാപിച്ചത് തടസ്സമാകില്ലെന്നാണ് നേതാക്കൾ പറയുന്നു. കോടിയേരി തിരിച്ചെത്തിയതിനു ശേഷം നടക്കുന്ന സെക്രട്ടേറിയേറ്റ് യോഗത്തിലായിരിക്കും ഇത് സംബന്ധിച്ച ധാരണയുണ്ടാക്കുക. അതിനുശേഷം നടക്കുന്ന സംസ്ഥാന കമ്മിറ്റിയിലായിരിക്കും നടപടിയുടെ കാര്യത്തിൽ അന്തിമതീരുമാനം എടുക്കുക.
അമ്പലപ്പുഴ മണ്ഡലത്തിൽ വോട്ടു കുറഞ്ഞിട്ടില്ലെന്നായിരുന്നു സുധാകരന്റെ വാദം. തൊട്ടടുത്ത ആലപ്പുഴ മണ്ഡലത്തിലാണ് ധാരാളം വോട്ട് കുറഞ്ഞത്. അതിനാൽ തന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് സ്ഥാപിക്കാനാണ് സുധാകരൻ ശ്രമിച്ചത്. എന്നാൽ കമ്മിഷന് മുൻപിൽ ഹാജരായ ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയിലെയും അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയിലെയും ഭൂരിഭാഗം അംഗങ്ങളും സുധാകരന്റെ ഭാഗത്തുനിന്ന് പ്രവർത്തനവീഴ്ചയുണ്ടായതായി നിലപാട് എടുത്തു. പരാതിക്കാരനായ അമ്പലപ്പുഴ എം.എൽ.എ. എച്ച്. സലാമും ഇതിന് ഉപോൽബലകമായ തെളിവു നൽകി. സജീവമായി പ്രവർത്തിച്ചില്ലെന്ന് മാത്രമല്ല, തിരഞ്ഞെടുപ്പിന് ആവശ്യമായ ഫണ്ട് അടക്കം നൽകിയില്ലെന്നും ആരോപണമുണ്ട്.
content highlights:cpm commission submits report on g sudhakaran-ambalappuzha elecction issue