വട്ടിയൂര്ക്കാവ് > കോവിഡ് ബാധിച്ചു മരിച്ച കോവിഡ് മുന്നണി പോരാളികളായ അശോകന്റെയും ബാബുവിന്റെയും കുടുംബങ്ങളുടെ കടബാധ്യത തീര്ത്ത് ബാങ്കുകളിലെ പണയാധാരം മടക്കിനല്കി. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര് നാഗപ്പനില്നിന്നും അശോകന്റെ മകന് വിപിനും, ബാബുവിന്റെ ഭാര്യ സംഗീതയും പണയാധാരങ്ങള് ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറിയറ്റംഗം കെ സി വിക്രമന് അധ്യക്ഷനായി.
പാളയം ഏരിയയിലെ പാര്ടി അംഗങ്ങളുടെ സംഭാവനകൊണ്ട് വട്ടിയൂര്ക്കാവ് സര്വീസ് സഹകരണ ബാങ്കിലെ 6 ലക്ഷം രൂപയുടെയും, തിരുമല സര്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ സംഭാവന തിരുമല സര്വീസ് സഹകരണ ബാങ്കിലെ 2 ലക്ഷം രൂപയുടെയും കടബാധ്യതകളാണ് തീര്ത്തുനല്കിയത്.
മെയ് 29 നാണ് കോവിഡ് ബാധിച്ച് അശോകന് മരിച്ചത്. തൊട്ടു പിന്നാലെ ജൂണ് 12 ന് മകള് വിജിയും, ജൂണ് 14 ന് ഭാര്യ ലില്ലിയും കോവിഡ് ബാധിച്ച് മരിച്ചു. ജൂണ് 28 ന് അശോകന്റെ ഭാര്യാ സഹോദരന് ബാബുവും കോവിഡിന് കീഴടങ്ങി.
തുടര്ന്നാണ്, 2 പേരുടെയും വീടും സ്ഥലവും ബാങ്കുകളിലെ വായ്പയില് ആണെന്നറിഞ്ഞ് സാമ്പത്തിക ഞെരുക്കത്തില് ആയിരുന്ന കുടുംബങ്ങള്ക്ക് ആശ്വാസമേകാന് സിപിഐ എമ്മിന്റെ നേതൃത്വത്തില് ബാങ്കുകളിലെ പണയാധാരം തിരികെ ലഭിക്കുവാനുള്ള പ്രവര്ത്തനങ്ങള് നടത്തിയത്.
യോഗത്തില് ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ജയന്ബാബു, പുത്തന്കട വിജയന്, വി കെ പ്രശാന്ത് എംഎല്എ, ഏരിയ കമ്മിറ്റിയംഗം ജി രാധാകൃഷ്ണന്, ലോക്കല് സെക്രട്ടറി ജി രാമചന്ദ്രന് എന്നിവര് പങ്കെടുത്തു.