കാബൂള്
താലിബാന് സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കാന് തയ്യാറാകണം എന്നാവശ്യപ്പെട്ട് പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിലെ ഗവർണറുടെ ഓഫീസിനു മുന്നിൽ അഫ്ഗാൻ സ്ത്രീകൾ പ്രകടനം നടത്തി. മന്ത്രിസഭയിലുൾപ്പെടെ സ്ത്രീകൾക്ക് രാഷ്ട്രീയ പങ്കാളിത്തം ഉണ്ടായിരിക്കണമെന്ന് പ്രതിഷേധക്കാര് ആവശ്യപ്പെട്ടു.
അവകാശങ്ങള് നേടിയെടുക്കാൻ 20 വർഷമായി അഫ്ഗാ ൻ സ്ത്രീകൾ ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. അവ സംരക്ഷിക്കപ്പെടണമെന്ന് റാലിയുടെ സംഘാടകയായ ഫ്രിബ കബ്രസാനി പറഞ്ഞു. ടെലിവിഷനിലും ലോകരാജ്യങ്ങളോടും താലിബാൻ മനോഹരമായ പ്രസംഗങ്ങൾ നടത്തുന്നുണ്ടെങ്കിലും പൊതു ഇടങ്ങളിൽ അവര് അധികാര ദുർവിനിയോഗം നടത്തുകയും സ്ത്രീകളെ തല്ലിച്ചതയ്ക്കുകയുമാണെന്ന് റാലിയിൽ പങ്കെടുത്ത മറിയം എബ്രാം പറഞ്ഞു.
താലിബാൻ ആഗ്രഹിക്കുന്നതുപോലെ മിണ്ടാതിരിക്കില്ലെന്നും അവകാശങ്ങള്ക്കായി പോരാട്ടം തുടരുമെന്നും സമരക്കാര് വ്യക്തമാക്കി. പുതിയ സർക്കാരിൽ ഉയർന്ന സ്ഥാനങ്ങളിൽ സ്ത്രീകൾ ഉണ്ടാകില്ലെന്നാണ് താലിബാന്റെ ഖത്തറിലെ രാഷ്ട്രീയ കാര്യാലയ ഉപ തലവന് ഷെർ അബ്ബാസ് സ്റ്റാനക്സായ് വ്യക്തമാക്കുന്നത്. വാഗ്ദാനങ്ങള്‍ക്കപ്പുറം അതിക്രൂരമായ ഭരണമാണ് താലിബാന് നടത്തുന്നതെന്ന് റിപ്പോർട്ടുകള് പുറത്ത് വരുന്നുണ്ട്.