തിരുവനന്തപുരം
യൂത്ത് കോൺഗ്രസ് വക്താക്കളുടെ നിയമനവും മരവിപ്പിക്കലും കോൺഗ്രസിലെ കലാപം കൂടുതൽ രൂക്ഷമാക്കി. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ ഉൾപ്പെടെ നാലുപേരെയാണ് വക്താക്കളാക്കിയത്. ഉമ്മൻചാണ്ടിയെ ഉപേക്ഷിച്ചവർക്കുള്ള ഔദ്യോഗിക വിഭാഗത്തിന്റെ പ്രത്യുപകാരമാണെന്ന് എ, ഐ ഗ്രൂപ്പുകൾ പറയുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ അറിവോടെയാണ് നിയമനമെന്നാണ് വിലയിരുത്തൽ. വിവാദം കെട്ടടങ്ങിയാൽ മരവിപ്പിച്ച തീരുമാനം നടപ്പാകും.
എഴുത്തുപരീക്ഷയും അഭിമുഖവും ഉൾപ്പെടെ മാസങ്ങളെടുത്താണ് നിയമനമെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയത്. ഒട്ടേറെ അപേക്ഷകരുണ്ടായിരുന്നു. ചിലർക്കായി ശുപാർശയും. വിപുല നടപടിയായിട്ടും സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ നിയമനം അറിഞ്ഞില്ലെന്നു പറയുന്നത് കബളിപ്പിക്കലാണെന്നാണ് നേതാക്കളുടെ ആക്ഷേപം. നിയമനം വാർത്തയായ ഉടൻ ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധമുയർന്നു.
‘നേതാക്കളുടെ അധ്വാനിക്കുന്ന മക്കൾക്ക് വരാം ’എന്ന ഷാഫിയുടെ പരാമർശം പ്രതിഷേധം വർധിപ്പിച്ചു. നിയമനം അറിഞ്ഞിട്ടില്ലെന്നും കെ സി വേണുഗോപാൽ ഇത്തരം നിയമനത്തിൽ ഇടപെടില്ലെന്നുമായിരുന്നു ഷാഫിയുടെ പ്രതികരണം. എന്നാൽ അർജുനുമായുള്ള അഭിമുഖത്തിന്റെ തലേദിവസം ഷാഫി ഡൽഹിയിലുണ്ടായിരുന്നു.