കവളങ്ങാട് > പോത്താനിക്കാട് പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിന് പോത്താനിക്കാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് സ്വീകരണം. പോത്താനിക്കാട് പൊലീസ് കേസെടുത്തതിനെ തുടർന്ന് രണ്ടരമാസമായി ഒളിവിലായിരുന്ന ഇയാൾക്ക് ആഗസ്ത് 27നാണ് ജാമ്യം ലഭിച്ചത്.
കേസിൽ ഒന്നാംപ്രതി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഇടശേരിക്കുന്നേൽ റിയാസ് ജയിലിലാണ്. പോക്സോ കേസ് പ്രതിക്ക് സ്വീകരണം നൽകിയതോടെ കോൺഗ്രസ് നേതൃത്വത്തിന്റെയും എംഎൽഎയുടെയും സ്ത്രീവിരുദ്ധനിലപാടാണ് പുറത്തായതെന്ന് സിപിഐ എം പോത്താനിക്കാട് ലോക്കൽ സെക്രട്ടറി എ കെ സിജു പറഞ്ഞു.
ഡബ്ല്യുഐപിആർ നിരക്ക് 12നുമുകളിലായ പഞ്ചായത്തിൽ ഇരുനൂറിലധികം രോഗികളുമുണ്ട്. പഞ്ചായത്തിൽ വ്യാഴംമുതൽ മുപ്പൂട്ട് പ്രഖ്യാപിച്ചിട്ടും സ്വീകരണം നൽകി. കോവിഡ് ചട്ടം ലംഘിച്ച് സ്വീകരണം ഒരുക്കിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.