കൊച്ചി: മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകളുമായി കെ.ടി.ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി.
എ.ആർ.നഗർ സഹകരണ ബാങ്കിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ജലീൽ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളാണ് ജലീൽ ഇ.ഡി.ഓഫീസിലെത്തിച്ചതെന്നാണ് സൂചന.
ഇന്ന് രാവിലെ 10.45 ഓടെയാണ് എംഎൽഎ ബോർഡ് വെച്ച കാറിൽ കൊച്ചിയിലെ ഇ.ഡി.ഓഫീസിലെത്തിയത്. നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിവിധ കേന്ദ്ര ഏജൻസികൾക്ക് ജലീൽ പരാതി നൽകിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ജലീലിനെ ഇ.ഡി.വിളിപ്പിച്ചത്.
ജലീലിന്റെ ആരോപണം
എ ആർ നഗർ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്ന് കെ ടി ജലീൽ ആരോപിച്ചിരുന്നു. എ ആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണം ഉണ്ടെന്നാണ് ജലീലിന്റെ ആരോപണം. ബാങ്ക് സെക്രട്ടറി ഹരികുമാർ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീൽ ആരോപിച്ചു. ചന്ദ്രിക അക്കൗണ്ട് വഴിയും കള്ളപ്പണ ഇടപാട് നടത്തിയെന്നും ജലീൽ ആരോപിച്ചിരുന്നു.
ഇതിനിടെ വ്യാപക ക്രമക്കേടുകൾ നടന്ന മലപ്പുറം എആർ നഗർ സഹകരണ ബാങ്കിലെ കൂടുതൽ തിരിമറികൾ പുറത്തുവന്നിരുന്നു. ഇടപാടുകാരറിയാതെ അവരുടെ അക്കൌണ്ടുകൾ വഴി നടത്തിയത് ലക്ഷങ്ങളുടെ പണമിടപാടാണെന്നാണ് കണ്ടെത്തൽ. കണ്ണമംഗലം സ്വദേശിയായ അങ്കണവാടി ടീച്ചറുടെ അക്കൌണ്ട് വഴി അവരറിയാതെ 80 ലക്ഷം രൂപയുടെ ഇടപാടുകളാണ് നടത്തിയത്.
ഇ.ഡി.ആസ്ഥാനത്ത് പരസ്യമായി തന്നെ ജലീൽ
കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ആസ്ഥാനത്ത് മുൻ മന്ത്രി കെ.ടി.ജലീൽ ഇത്തവണ എത്തിയത് പരസ്യമായി തന്നെ. എംഎൽഎ ബോർഡ് വെച്ച കാറിൽ രാവിലെ 10.45 ഓടെയാണ് ജലീൽ ഹാജരായത്. നേരത്തെ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി ജലീൽ അതീവ രഹസ്യമായിട്ടായിരുന്നു ഇ.ഡി.ഓഫീസിലേക്കെത്തിയത്. പുലർച്ച സ്വകാര്യ വാഹനത്തിലായിന്നു മന്ത്രിയായിരിക്കെ അന്ന് അദ്ദേഹം ഇങ്ങോട്ടേക്കെത്തിയിരുന്നുത്.
ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്ന് ട്രെയിനിൽ കൊച്ചിയിലെത്തിയ ജലീൽ പിന്നീട് എംഎൽഎ ബോർഡ് വെച്ച വാഹനം വിളിച്ച് വരുത്തിയാണ് ഇ.ഡി.ഓഫീസിലേക്കെത്തിയത്.















