തിരുവനന്തപുരം > വിവാഹ വാർഷികദിനത്തിൽ ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. “ഒരുമിച്ചുള്ള 42 വർഷങ്ങൾ’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോ മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 1979 സെപ്റ്റംബർ 2 നായിരുന്നു ഇവരുടെ വിവാഹം.
വിവിധ മേഖലകളിൽനിന്നുള്ള നിരവധി പേരാണ് മുഖ്യമന്ത്രിക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നിരിക്കുന്നത്. വിവാഹം അറിയിച്ചുകൊണ്ടുള്ള അന്നത്തെ സിപിഐ എം കണ്ണൂര് ജില്ലാ സെക്രട്ടറി ചടയന് ഗോവിന്ദന്റെ കത്തും സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്.
“സുഹൃത്തേ, സ: പിണറായി വിജയനും തൈക്കണ്ടിയിൽ ആണ്ടി മാസ്റ്ററുടെ (ഒഞ്ചിയം) മകൾ കുമാരി ടി കമലയും തമ്മിലുള്ള വിവാഹം 1979 സെപ്റ്റംബർ രണ്ടാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി ടൗൺഹാളിൽ വെച്ച് നടത്തുന്നതാണ്. തദവസരത്തിൽ താങ്കളുടെ സാന്നിദ്ധ്യമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. സമ്മാനങ്ങൾ സദയം ഒഴിവാക്കുക ചടയൻ ഗോവിന്ദൻ, സെക്രട്ടറി, കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടി, കണ്ണൂർ ജില്ലാ കമ്മിറ്റി. വിവാഹക്ഷണക്കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.