മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കൊവിഡ് 19 കേസുകളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഏറെ മുന്നിലാണ് കേരളം. കൊവിഡ് 19 മൂന്നാം തരംഗം നേരിടാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. എന്നാൽ കൊവിഡ് 19 കുട്ടികളെ ഗുരുതരമായി ബാധിക്കാത്ത സാഹചര്യത്തിൽ സ്കൂളുകള്‍ തുറക്കുന്നതിൽ തെറ്റില്ലെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. ഇക്കാര്യത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മുഖ്യമന്ത്രിയുമായി വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തും. ഇതിനു ശേഷമായിരിക്കും നിര്‍ണായകമായ തീരുമാനം.
സ്കൂളുകള്‍ തുറക്കാമെന്നാണ് വിദഗ്ധര്‍ മുന്നോട്ടു വെച്ച അഭിപ്രായമെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. എന്നാൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയായിരിക്കും അന്തിമ തീരുമാനം സ്വീകരിക്കുക. അതേസമയം, നിലവിൽ എന്തിനെയും ഏതിനെയും സോഷ്യൽ മീഡിയയിൽ വിമര്‍ശിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്ലസ് വൺ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളെപ്പറ്റിയായിരുന്നു മന്ത്രിയുടെ പ്രതികരണം.
Also Read:
കൊവിഡ് 19 ആദ്യതരംഗം നേരിടാനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിൻ്റെ ഭാഗമായാണ് രാജ്യത്ത് സ്കൂളുകൾ അടച്ചത്. ഇടയ്ക്ക് ചില പരീക്ഷകള്‍ക്കായി സ്കൂളുകൾ തുറന്നെങ്കിലും രണ്ട് വര്‍ഷമായി രാജ്യത്ത് പല സംസ്ഥാനങ്ങളിലും ക്ലാസുകള്‍ നടക്കുന്നില്ല. എന്നാൽ രണ്ടാം തരംഗത്തിനു ശേഷം പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ സാരമായ കുറവു വന്ന സാഹചര്യത്തിലാണ് ഇന്നലെ ആറു സംസ്ഥാനങ്ങളിൽ സ്കളുകള്‍ തുറന്നത്.
Also Read:
തമിഴ്നാട്, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, ത്രിപുര, തെലങ്കാന സംസ്ഥാനങ്ങളിലാണ് സ്കൂളുകള്‍ തുറന്നത്. തമിഴ്നാട്ടിൽ എൺപത് ശതമാനത്തിലധികം കുട്ടികളും ആദ്യദിവസം തന്നെ സ്കൂളിലെത്തിയെന്നാണ് കണക്കുകള്‍. എന്നാൽ മറ്റു പല സംസ്ഥാനങ്ങളിലും സ്ഥിതി മോശമായിരുന്നു. ഡൽഹിയിൽ സ്കൂളുകള്‍ തുറക്കാൻ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പല സ്കൂളുകളും തുറക്കാൻ തയ്യാറായിട്ടില്ല. ഇതിനോടകം തുറന്ന സര്‍ക്കാര്‍ സ്കൂളുകളിലെ സ്ഥിതി വിലയിരുത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് സ്കൂള്‍ മാനേജ്മെൻ്റുകള്‍ പറയുന്നത്. ഇന്നലെ ഒരു വിദ്യാര്‍ഥി പോലും ഹാജരാകാത്ത ക്ലാസ് മുറികളും ഡൽഹിയിൽ ഉണ്ടായിരുന്നു.
അതേസമയം, കേരളത്തിൽ കൊവിഡ് കേസുകള്‍ വര്‍ധിക്കാൻ കാരണം സുരക്ഷാ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികള്‍ കൃത്യമായി ക്വാറൻ്റൈൻ പാലിക്കുന്നില്ലെന്നും കേരളത്തിലെ കൊവിഡ് കേസുകളിലെ ആധിക്യം അയൽസംസ്ഥാനങ്ങളെയും ബാധിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി.