ന്യൂഡൽഹി > തിരുവഞ്ചൂര് രാധാകൃഷ്ണന്റെ മകന് അര്ജ്ജുന് രാധാകൃഷ്ണനെയടക്കം യൂത്ത് കോണ്ഗ്രസ് സംസ്ഥാന വക്താവാക്കിയ തീരുമാനം മരവിപ്പിച്ചു. പുതിയ വക്താക്കളെ തീരുമാനിച്ച് മണിക്കൂറുകള്ക്കകം പ്രതിഷേധം ഉയര്ന്ന സാഹചര്യത്തിലാണ് അഖിലേന്ത്യാ നേതൃത്വം തീരുമാനം മരവിപ്പിച്ചത്.
യൂത്ത് കോണ്ഗ്രസിന്റെ സംസ്ഥാന വക്താവായിട്ടാണ് തിരുവഞ്ചൂര് രാധാകൃഷ്ണന്റെ മകന് അര്ജ്ജുന് രാധാകൃഷ്ണനെ രാത്രിയോടെ യൂത്ത് കോണ്ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന് ബി ശ്രീനിവാസ് നിയമിച്ചത്. അപ്രതീക്ഷിതമായി ഡൽഹിയില് നിന്ന് പത്രക്കുറിപ്പ് ഇറങ്ങിയപ്പോഴാണ് സംസ്ഥാന നേതൃത്വം തന്നെ ഇക്കാര്യം അറിഞ്ഞത്.
മറ്റ് നാലു പേരെ കൂടി കേരളത്തിലെ വക്താക്കളായി യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് നിയമിച്ചിരുന്നു. ആതിര രാജേന്ദ്രൻ, നീതു ഉഷ, പ്രീതി, സിനി ജോസ് എന്നിവരാണവർ.
സെൻ്റ് ഗിറ്റ്സ് കോളേജിലെ എൻജിനിയറിങ് പഠനശേഷം അമേരിക്കയിൽ ഉപരി പഠനം പൂർത്തിയാക്കിയ അർജ്ജുൻ തിരുവഞ്ചൂരിന്റെ രണ്ടാമത്തെ മകനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേദികളിലൂടെയാണ് പൊതുരംഗത്ത് കണ്ടു തുടങ്ങിയത്. കെഎസ്യു, യൂത്ത് കോൺഗ്രസ് ഭാരവാഹിയായോ മറ്റോ പ്രവർത്തിച്ചിട്ടില്ല.