തിരുവനന്തപുരം
ഡിസിസി പ്രസിഡന്റ് പട്ടികയെ ചൊല്ലിയുള്ള കൂട്ടയടിക്കിടെയുള്ള കെപിസിസി അച്ചടക്ക നടപടിയിൽ എ, ഐ ഗ്രൂപ്പുകളിൽ അമർഷം പുകയുന്നു. പരസ്യവിമർശം തൽക്കാലം നിർത്തി പരാതിയുമായി ഹൈക്കമാൻഡിനെ നേരിട്ട് സമീപിക്കാനാണ് തീരുമാനം. ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സംസ്ഥാന നേതൃത്വവുമായി ചേർന്ന് ഏകപക്ഷീയ നിലപാട് എടുക്കുകയാണെന്നും പരാതിയുണ്ട്. കെ സി വേണുഗോപാലിനെ ഉന്നമിട്ടാണ് നീക്കം.
ഗ്രൂപ്പ് ക്യാമ്പുകളിൽ തിരക്കിട്ട നീക്കങ്ങളും നടക്കുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും കണ്ണൂരിൽ കൂടിക്കാഴ്ച നടത്തി. മുൻ എ ഗ്രൂപ്പുകാരനും കെപിസിസി വർക്കിങ് പ്രസിഡന്റുമായ ടി സിദ്ദിഖ് ഉമ്മൻചാണ്ടിയെ കണ്ട് രഹസ്യ ചർച്ച നടത്തി. കെപിസിസി, ഡിസിസി പുനഃസംഘടനാനടപടിയിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വി ഡി സതീശനും കെ സുധാകരനും. പുനഃസംഘടനയിൽ പേരുകൾ നിർദേശിക്കുന്നത് ആലോചിച്ച് മതിയെന്ന് എ, ഐ ഗ്രൂപ്പുകൾ ധാരണയായി. സോണിയ ഗാന്ധിയോ, രാഹുൽ ഗാന്ധിയോ നേരിട്ട് വിളിച്ചാൽ മാത്രമേ ചർച്ചയ്ക്കുള്ളൂവെന്നാണ് നിലപാട്.
ഹൈക്കമാൻഡ് പ്രതിനിധികൾ ഇതിനെ പരിഹാസത്തോടെയാണ് തള്ളിയത്. അച്ചടക്കനടപടിയിലെ ഇരട്ടനീതിയിൽ രമേശ് ചെന്നിത്തല അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. എന്നാൽ, അച്ചടക്ക നടപടി അനിവാര്യമെന്ന് താരിഖ് അൻവർ ഹൈക്കമാൻഡിനെ അറിയിച്ചു. നടപടി എടുത്തില്ലെങ്കിൽ വൻ പൊട്ടിത്തെറി ഉണ്ടായാനേ എന്നാണ് കെ സി വേണുഗോപാലും നേതൃത്വത്തെ ധരിപ്പിച്ചത്. ഗ്രൂപ്പ് രഹിതം എന്ന് പ്രഖ്യാപിച്ച നേതൃത്വം പുതിയ ഗ്രൂപ്പ് ഉണ്ടാക്കുകയാണെന്നും പരാതിയുണ്ട്.