വൈപ്പിൻ > കടലിൽ മുങ്ങിക്കിടന്ന മീൻപിടിത്ത ബോട്ടിൽ രണ്ട് സമയങ്ങളിലായി മീൻപിടിത്ത ബോട്ടും വള്ളവും ഇടിച്ചുതകർന്നു. മീൻപിടിത്തം കഴിഞ്ഞ് തിരിച്ചുവന്ന ബോട്ടാണ് ആദ്യം ഇടിച്ചത്. ചൊവ്വ രാത്രി ഒമ്പതരയോടെയാണ് സംഭവം. ബുധൻ പുലർച്ചെ അഞ്ചരയോടെ വള്ളവും അപകടത്തിൽപ്പെട്ടു.
കൊല്ലം സ്വദേശിയുടെ ‘ആഷിക്മോൻ’ എന്ന ബോട്ടാണ് നിറയെ മീനുമായി കാളമുക്ക് ഹാർബറിലേക്ക് വരുമ്പോൾ എൽഎൻജി ബോട്ടുജെട്ടിക്ക് പടിഞ്ഞാറ് 200 മീറ്റർ അകലെ അപകടത്തിൽപ്പെട്ടത്.
വേലിയിറക്കമായതും ബോട്ടിൽ മീനുകൾ ഉണ്ടായിരുന്നതുമാണ് മുങ്ങിക്കിടന്ന ബോട്ടിൽ ഇടിക്കാൻ കാരണമായത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് മുക്കാൽഭാഗവും മുങ്ങി. ബോട്ടിൽ പിടിച്ച് നീന്തിക്കിടന്ന ജീവനക്കാരെ കോസ്റ്റൽ പൊലീസും മറൈൻ പൊലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ബോട്ടിൽ അഞ്ചു തമിഴ്നാട് സ്വദേശികളും നാല് ഉത്തരേന്ത്യൻ തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.
ബുധൻ പുലർച്ചെ 48 തൊഴിലാളികളുമായി കാളമുക്ക് ഹാർബറിൽനിന്ന് മീൻപിടിക്കാൻ പോയ സെന്റ് ആന്റണീസ് എന്ന വള്ളവും മുങ്ങിക്കിടന്ന ബോട്ടിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു.
വള്ളം മുങ്ങിയതോടെ നീന്തിയ തൊഴിലാളികളെ പിന്നാലെ എത്തിയ സെന്റ് ഫ്രാൻസിസ് എന്ന കാരിയർ വള്ളമാണ് രക്ഷപ്പെടുത്തിയത്. വള്ളത്തിലെ വലയും നഷ്ടപ്പെട്ടു. കണ്ണൻ (41), ബാബു (45) എന്നിവർക്ക് നിസ്സാര പരിക്കേറ്റു. വള്ളം നിശ്ശേഷം തകർന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തൊഴിലാളികൂട്ടായ്മ ലക്ഷങ്ങൾ ചെലവഴിച്ച് ഈയിടെയാണ് വള്ളം വാങ്ങിയത്.
വിവരമറിഞ്ഞ് കോസ്റ്റൽ സിഐ ബി സുനുകുമാർ, എസ്ഐമാരായ സംഗീത് ജോബ്, ജോർജ് ലാൽ, മറൈൻ എസ്ഐ പ്രഹ്ലാദൻ എന്നിവർ സ്ഥലത്തെത്തി. കടലിൽ കിടക്കുന്ന യാനാവശിഷ്ടങ്ങൾ നീക്കംചെയ്തില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാകുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആശങ്ക.