ഇക്കൂട്ടത്തിലെ പുതിയ വീഡിയോ ഒരു ട്രെയിനിൽ നിന്നുള്ളതാണ്. തീവണ്ടിക്കകത്തിരിക്കുന്ന വ്യക്തി തന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഒരു വശത്തെ ജനലിന്റെ വീഡിയോ ചിത്രീകരിക്കുന്നതാണ് ആദ്യ ഭാഗം. ഈ ജാലകത്തിലൂടെ നോക്കുമ്പോൾ ട്രെയിൻ അതിവേഗത്തിൽ സഞ്ചരിക്കുകയാണ് എന്ന് തോന്നും. പിന്നീട് കാമറ മറുഭാഗത്തെ ജനലിലേക്ക് തിരിക്കുമ്പോൾ പുറത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോം ട്രെയിൻ വിടുന്നതേയുള്ളൂ എന്ന പ്രതീതി ലഭിക്കും. ചുരുക്കത്തിൽ ഏത് ജാലകത്തിലൂടെയാണ് നോക്കുന്നത് എന്നതിനെ ആശ്രയിച്ച് ട്രെയിൻ വ്യത്യസ്ത വേഗതയിൽ നീങ്ങുന്നതായി തോന്നും.
ലൂസിഫർ സിനിമയിൽ ബൈജു കഥാപാത്രം പറഞ്ഞതുപോലെ ഇനി വല്ല ഇല്ല്യുമിനാറ്റിയാണോ എന്ന് ചോദിച്ചു പോകും റെഡ്‌ഡിറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കണ്ടാൽ. നിങ്ങൾ ആശയക്കുഴപ്പത്തിലാണോ? നിങ്ങൾ മാത്രമല്ല. വീഡിയോ കണ്ടവരിൽ പലർക്കും ഈ കൺഫ്യൂഷനുണ്ടായി. വീഡിയോ ക്ലിപ്പിന് ഇതിനകം 50,000 ഓളം അപ്പ് വോട്ടുകളാണ് ലഭിച്ചത്.
യഥാർത്ഥത്തിൽ തൊട്ടടുത്ത ട്രാക്കിൽ മറ്റൊരു ട്രെയിൻ എതിർദിശയിലേക്ക് അതിവേഗത്തിൽ സഞ്ചരിക്കുന്നുണ്ട്. ഇതാണ് ആശയക്കുഴപ്പം സൃഷിടിക്കുന്നത്. യഥാർത്ഥത്തിൽ വലത്തെ ഭാഗത്തെ ജനലിൽ ദൃശ്യമാകുന്നത് പോലെ ട്രെയിൻ സ്പീഡ് കുറഞ്ഞതാണ് സഞ്ചരിക്കുന്നത്.