മലപ്പുറം
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ധീരരുടെ സ്മരണകൾ വെട്ടിമാറ്റുന്നതിനെതിരെ പ്രതിരോധ ജ്വാല തെളിച്ച് യുവത. മലബാർ സമരത്തിലെ രക്തസാക്ഷികളുടെ പേര് രക്തസാക്ഷി നിഘണ്ടുവിൽനിന്ന് ഒഴിവാക്കിയതിനെതിരെ ഡിവൈഎഫ്ഐ ഫ്രീഡം ഫയർ സംഘടിപ്പിച്ചു.
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വെടിയേറ്റുവീണ മലപ്പുറം കോട്ടക്കുന്നിലും പട്ടാളത്തിന്റെ പീരങ്കിക്കുമുന്നിൽ തലയുയർത്തി നിന്ന് ധീരന്മാർ പോരാടിയ പൂക്കോട്ടൂരിലും മേൽമുറിയിലും മമ്പുറത്തുമെല്ലാം പ്രതിരോധത്തിന്റെ കരുത്താർന്ന മുദ്രാവാക്യമുയർന്നു.
387 രക്തസാക്ഷികളുടെ പേര് നീക്കംചെയ്തതിൽ പ്രതിഷേധിച്ച് 387 കേന്ദ്രങ്ങളിൽ യുവജനങ്ങൾ പ്രതിജ്ഞയെടുത്തു. ‘പൊരുതിയവരുടേതാണ് ചരിത്രം; മാപ്പിരന്നവരുടേതല്ല’ എന്നവർ പ്രഖ്യാപിച്ചു. ഡിവൈഎഫ്ഐ നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖരും അണിചേർന്നു. കോട്ടക്കുന്നിൽ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്തു. ചരിത്രത്തോടൊപ്പം ഇന്ത്യയുടെ വൈവിധ്യങ്ങളെയാണ് സംഘപരിവാർ ഇല്ലാതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.