തൃശൂർ > കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ സാംസ്കാരിക മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. അതുല്യസംഭാവന നൽകിയ കലാകാരൻമാർക്കുള്ള 2020 ലെ ഫെലോഷിപ്പ്, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങൾ എന്നിവയാണ് സമ്മാനിച്ചത്. നുറുദിന കർമപരിപാടികളുടെ ഭാഗമായി അക്കാദമി ആർക്കൈവ്സ്, മ്യൂസിയം, ഡിജിറ്റൽ ലൈബ്രറി, അക്കാദമി പൈതൃകമതിൽ, എന്നിവയുടെ നിർമാണ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
നൂറുദിനം- നൂറു പുസ്തകം-പുസ്തകക്കാലം എന്ന പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ആദ്യസെറ്റ് പുസ്തകങ്ങളും മന്ത്രി പ്രകാശിപ്പിച്ചു. കെ ടി മുഹമ്മദ് സ്മാരക തിയറ്ററിൽ കോവിഡ് ചട്ടങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. അക്കാദമി ചെയർപേഴ്സൺ കെ പി എ സി ലളിത ആമുഖ പ്രഭാഷണം നടത്തി. വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, നിർവാഹകസമിതി അംഗം ഫ്രാൻസീസ് ടി മാവേലിക്കര എന്നിവർ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി.
സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ പ്രഭാകരൻ പഴശ്ശി, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, ലളിതകലാ അക്കാദമി സെക്രട്ടറി പി വി ബാലൻ സംഗീത നാടക അക്കാദമി നിർവ്വാഹക സമിതി അംഗങ്ങളായ വി ടി മുരളി, കലാമണ്ഡലം ശിവൻ നമ്പൂതിരി, വിദ്യാധരൻ മാസ്റ്റർ, അഡ്വ.വി ഡി പ്രേമപ്രസാദ്, അക്കാദമി പ്രോഗ്രാം ഓഫീസർ വി കെ അനിൽകുമാർ, ജൂനിയർ സൂപ്രണ്ട് ഷാജി ജോസഫ് എന്നിവർ സംസാരിച്ചു. .
ഇവർ പുരസ്കാര ജേതാക്കൾ
പിരപ്പൻകോട് മുരളി, കലാമണ്ഡലം വാസു പിഷാരോടി, തൃപ്പുണ്ണിത്തറ എൻ രാധാകൃഷ്ണൻ എന്നിവരാണ് സംഗീത നാടക അക്കാദമി ഫെല്ലൊഷിപ്പിന് അർഹരായത്. രജനി മേലഡൂർ, ഇ എ രാജേന്ദ്രൻ, പ്രദീപ് മാളവിക, മണലൂർ ഗോപിനാഥ്,ടി സുരേഷ് ബാബു, ഗോപാലൻ അടാട്ട്, സി എൻ ശ്രീവൽസൻ, പ്രാഫ. കെ വെങ്കിട്ടരമണൻ, എൻ വി ബാബു നാരായണൻ, പ്രേംകുമാർ വടകര, റീന മുരളി, നടേശ് ശങ്കർ, കലാമണ്ഡലം ജിഷ്ണുപ്രതാപ്, എസ് വിനയചന്ദ്രൻ, കലാമണ്ഡലം കവിതാ കൃഷ്ണകുമാർ, പെരിങ്ങോട് ചന്ദ്രൻ, തൃക്കുളം കൃഷ്ണൻകുട്ടി എന്നിവരാണ് അവാർഡിന് അർഹരായത്.
മീന ഗണേഷ്, രത്നമ്മ മാധവൻ, കൊച്ചിൻ ഹസനാർ, കെ ആർ മീനാരാജൻ, നിലമ്പൂർ മണി, ചെറായി സുരേഷ്, കുര്യനാട് ചന്ദ്രൻ, ഇ ടി വർഗീസ്, അജയൻ ഉണ്ണിപ്പറമ്പിൽ, പി വി കെ പനയാൽ, ഡോ. കെ ആർ പ്രസാദ്, എം എസ് പ്രകാശൻ പള്ളുരുത്തി, ബബിൽ പെരുന്ന, ഇ വി വത്സൻ, എം കെ വേണുഗോപാൽ, കലാമണ്ഡലം ശ്രീദേവി, ചവറ ധനപാലൻ, പരയ്ക്കാട് തങ്കപ്പൻ മാരാർ, രമേശ് മോനോൻ എന്നിരാണ് ഗുരുപൂജ പുരസ്കാരത്തിന് അർഹരായവർ.