കൊച്ചി: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തിൽ ചെയർപേഴ്സണെ വെട്ടിലാക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോൺഗ്രസ്അംഗങ്ങൾ പണം തിരികെ നൽകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ചെയർപേഴ്സണിന്റെ മുറിക്ക് പുറത്തുനിന്നുളള അവ്യക്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കോൺഗ്രസ് അംഗങ്ങൾ ചെയർപേഴ്സണുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങളിൽ നാലര ലക്ഷത്തിലധികം രൂപയെ കുറിച്ച് സംസാരിക്കുന്നുണ്ട്. എവിടെ നിന്നാണ് ഇത്രയും തുക കിട്ടിയതെന്ന് കോൺഗ്രസ് കൗൺസിലർമാർ തന്നെ ചോദിക്കുമ്പോൾ സ്പോൺസർഷിപ്പ് വഴിയായിരിക്കാം ഈ പണം ലഭിച്ചതെന്ന് മറ്റൊരു കൗൺസിലർ അഭിപ്രായപ്പെടുന്നുണ്ട്.
പണം പ്രത്യക്ഷത്തിൽ വീഡിയോയിൽ കാണുന്നില്ലെങ്കിലും പത്രക്കാർ പണം സംബന്ധിച്ച് വിളിച്ച് ചോദിക്കുന്നതിനെ കുറിച്ചും മറ്റും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾ തന്നെയാണ് കഴിഞ്ഞ ദിവസം വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ ശേഖരിച്ചിട്ടുളളത്.
ചെയർപേഴ്സണെതിരേ കോൺഗ്രസ് കൗൺസിലർമാർ തന്നെയാണ് പ്രത്യക്ഷത്തിൽ രംഗത്ത് വന്നിരിക്കുന്നത്. അവർ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.