ന്യൂഡൽഹി > കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാനായി ജസ്റ്റിസ് സി കെ അബ്ദുൾ റഹീമിനെ നിയമിച്ചു. കേരള ഹൈക്കോടതി മുൻ ജഡ്ജിയാണ്.
1983 – ലാണ് അബ്ദുൾ റഹീം ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. ഗവ. പ്ലീഡറും സീനിയർ ഗവ. പ്ലീഡറുമായി പ്രവർത്തിച്ചിട്ടുണ്ട്. പെരുമ്പാവൂർ വെസ്റ്റ് വെങ്ങോല സ്വദേശിയാണ്. സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമീഷണറായിരുന്ന പി കെ ആലിപ്പിള്ളയുടെയും കുഞ്ഞുബീപാത്തുവിന്റെയും മകനാണ്.
വെങ്ങോല ശാലേം സ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കാലടി ശ്രീശങ്കര കോളേജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സാമൂഹിക – സാംസ്കാരിക സംഘടനകളിലും ട്രേഡ് യൂണിയൻ രംഗത്തുമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.
ട്രിബ്യൂണലിലെ രണ്ട് ജുഡീഷ്യൽ അംഗങ്ങളുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. ഈ ഒഴിവുകൾ നികത്താൻ സർക്കാർ നടപടി തുടങ്ങിയിരുന്നെങ്കിലും, ചെയർമാനെ നിയമിക്കാത്തതിനാൽ അംഗങ്ങളുടെ നിയമന നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയായിരുന്നു.