കാസർകോട്> പി കെ ഫൈസലിനെ പ്രസിഡന്റാക്കി ഡിസിസിയെ ഹൈജാക്ക് ചെയ്ത രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും കെപിസിസി മുൻ പ്രസിഡന്റ് രമേശ് ചെന്നിത്തലയും പുതിയ പാർടിയുണ്ടാക്കട്ടെയെന്ന ഉണ്ണിത്താന്റെ പ്രസ്താവനക്കെതിരെ നേതാക്കൾ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പരാതി നൽകി.
പാർടിയെ ദുർബലപ്പെടുത്തുന്നതാണ് ഉണ്ണിത്താന്റെ പ്രതികരണമെന്നും അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന കോൺഗ്രസ് നേതൃത്വവും പരസ്യ പ്രതികരണം വിലക്കിയിരിക്കെ വിവാദ പ്രസ്താവന ഗൗരവമായി കണ്ട് നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നേൽ, കെപിസിസി സെക്രട്ടറിമാരായ കെ നീലകണ്ഠൻ, ബി സുബ്ബയ്യ റൈ, മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ, യുഡിഎഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ, കെപിസിസി നിർവാഹക സമിതി അംഗങ്ങളായ കെ വി ഗംഗാധരൻ, കെ കെ നാരായണൻ, ശാന്തമ്മ ഫിലിപ്പ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാർ, രണ്ട് ഡിസിസി വൈസ് പ്രസിഡന്റുമാർ, 11 ജനറൽ സെക്രട്ടറിമാർ എന്നിവരാണ് പരാതി നൽകിയത്.
കെപിസിസി പ്രസിഡന്റിനോട് നേരിട്ട് ഏറ്റുമുട്ടാതെ, എതിർപ്പിന്റെ കുന്തമുന ഉണ്ണിത്താനെതിരെ തിരിക്കാനാണ് കാസർകോട് എ, ഐ വിഭാഗം ഒരുങ്ങുന്നത്. കഴിഞ്ഞദിവസം ജില്ലയിലെത്തിയ രമേശ് ചെന്നിത്തല മുതിർന്ന നേതാക്കളുമായി സംസാരിച്ചിരുന്നു.
ഡിസിസിയെ വകവയ്ക്കാതെ ഒറ്റയാൻ പ്രവർത്തനം നടത്തുന്ന ഉണ്ണിത്താൻ ജില്ലയിലെ നേതാക്കളുമായി നിരന്തരം ഏറ്റുമുട്ടലിലാണ്. ഡിസിസി ഓഫീസിൽ പോകാറില്ല. നിലവിലെ ഭാരവാഹികളെ മാറ്റിയിട്ടേ എംപി വരൂവെന്ന് അദ്ദേഹത്തിന്റെ അനുയായികൾ വെല്ലുവിളിച്ചിരുന്നു.