ടോക്യോ > പാരാലിമ്പിക്സിൽ മെഡൽ കൊയ്ത്ത് തുടർന്ന് ടീം ഇന്ത്യ. ആറാം ദിനം മെഡൽ പട്ടികയിൽ രണ്ട് സ്വർണമടക്കം 5 മെഡലുകൾ ചേർത്താണ് ഇന്ത്യൻ ടീം രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയത്. വനിതകളുടെ ഷൂട്ടിങിൽ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ അവനി ലെഖാരയുടെ ലോക റെക്കോർഡോടെയുള്ള ജയത്തോടെയാണ് ഇന്ത്യ മെഡൽവേട്ട ആരംഭിച്ചത്.
പാരാലിമ്പിക്സിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്നെ റെക്കോർഡും അവനി സ്വന്തം പേരിലാക്കി. ഫൈനലിൽ 249.6 എന്ന ലോക റെക്കോർഡ് പ്രകടനത്തോടെയായിരുന്നു അവനിയുടെ നേട്ടം. ചൈനയുടെ കുയിപിങ് ഷാങ്ക് രണ്ടാമതും ഉക്രെയ്ന്റെ ഇരിന ഷെറ്റ്നിക് വെങ്കലവും നേടി.
പിന്നാലെ രണ്ടാം സ്വർണം ജാവലിനിൽ കോർത്ത് സുമിത് ആന്റിൽ അഭിമാനമായി. പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ്64 വിഭാഗത്തിലാണ് സുമിതിന്റെ നേട്ടം. ടോക്യോയിൽ തന്റെ അഞ്ചാം ശ്രമത്തിലാണ് റെക്കോർഡ് ദൂരമായ 68.55 മീറ്റർ മറികടന്നത്. ഓസ്ട്രേലിയയുടെ മൈക്കൽ ബുറിയാൻ വെള്ളിയും ശ്രീലങ്കയുടെ ദുലാൻ കോടിത്തുവാക്കു വെങ്കലവും നേടി.
പുരുഷൻമാരുടെ ഡിസ്കസ് ത്രോയിൽ യോഗേഷ് കതൂനിയയും ജാവലിനിൽ ദേവേന്ദ്ര ജജാരിയയും വെള്ളി നേടി. ജാവലിൻ ത്രോയിൽ സുന്ദർ സിങ് ഗുർജാറിന്റെ വകയാണ് വെങ്കലം. ഇതോടെ ആകെ ഇന്ത്യയുടെ മെഡൽ നേട്ടം ഏഴായി.