കൊച്ചി: ചെല്ലാനത്തെ തീരസംരക്ഷണ പദ്ധതി പ്രഖ്യാപനവുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തീരദേശ സംരക്ഷണത്തിന് ടെട്രാപോഡുകൾ ഉപയോഗിച്ച് തീരം സംരക്ഷിക്കുന്നതിനായി 344.2 കോടി രൂപയുടെ പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്.
ന്യൂനമർദ്ദം ഉണ്ടാവുകയും ചുഴലിക്കാറ്റ് ഉണ്ടാവുകയും ചെയ്താൽ വീട് വിട്ട് ആദ്യം ഓടി പോകേണ്ടി വരുന്നത് ചെല്ലാനം നിവാസികൾക്കാണ്. എത്രകാലമാണ് ഇത്തരത്തിൽ തുടരേണ്ടി വരുന്നത്. താത്കാലിക പരിഹാരങ്ങളൊന്നും സാധ്യമല്ലാത്ത ഈ പ്രദേശത്ത് ഒരു ശാശ്വത പരിഹാരമാണ് വേണ്ടത്. വരുന്ന പ്രതികൂല സാഹചര്യങ്ങളിൽ ചെല്ലാനം നിവാസികളെ മാറ്റി പാർപ്പിക്കേണ്ട അവസ്ഥ വരാത്ത രീതിയിൽ പദ്ധതി നടപ്പിലാക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 1500 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. സെപ്തംബർ 15 ഓടുകൂടി ടെണ്ടർ നടപടികളിലേക്ക് കടക്കും- മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ചെല്ലാനം ബസാറിൽ വെച്ച് നടത്തിയ ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇതോടെ പ്രദേശത്തെ കടലേറ്റപ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും സർക്കാരും.
ചെന്നൈ ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് തീരസംരക്ഷണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനമൊട്ടാകെ തീരമേഖലകളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ 10 ഹോട്ട്സ്പോട്ടുകൾ ആണ് തീവ്രമായ തീര ശോഷണം നേരിടുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ചെല്ലാനം തീരത്തിന് പ്രഥമ പരിഗണന നൽകിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ടെട്രാപോഡുകൾ ഉപയോഗിച്ച് തീരം സംരക്ഷിക്കുന്നതിനൊപ്പം ജിയോട്യൂബുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും പ്രദേശത്തു നടപ്പാക്കി വരികയാണ്.
ചെല്ലാനം പഞ്ചായത്തിലെ ഹാർബറിന് സമീപത്ത്കടൽ ഭിത്തി പുനരുദ്ധാരണവും ബസാർ കണ്ണമാലി ഭാഗത്ത് 1.90കി.മീ ടെട്രാപോഡിന്റയും നിർമാണമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.കടലേറ്റം ഏറ്റവും രൂക്ഷമായ കമ്പനിപ്പടി, വച്ചാക്കൽ, ചാളക്കചടവ് പ്രദേശങ്ങളിൽ കടൽ ഭിത്തി നിർമാണം പൂർത്തിയാവുന്നതോടെ കടൽക്കയറ്റത്തിന് ശമനം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിരൂക്ഷമായ കടലാക്രമണം നേരിടുന്ന പത്ത് ഹോട്ട്സ്പോട്ടുകളിൽ ആദ്യഘട്ട നിർമ്മാണം ആരംഭിക്കും. അഞ്ച് വർഷത്തിനുള്ളിൽ 5300 കോടി പൂർണ്ണമായും പ്രയോജനപ്പെടുത്തി തീരദേശ സംരക്ഷണം നടപ്പിലാക്കും. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം കേന്ദ്രം ചെല്ലാനത്ത് നടപ്പിലാക്കും. ഇറിഗേഷൻ വകുപ്പ് ഡാം കേന്ദ്രീകരിച്ച് ടൂറിസം കേന്ദ്രങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനമൊട്ടാകെ 5300 കോടിയുടെ തീര സംരക്ഷണ പ്രവർത്തനങ്ങൾ ആണ് സർക്കാർ നടപ്പാക്കുന്നത്. ചെല്ലാനം തീരത്തു ജലസേചന വകുപ്പ് കിഫ്ബി സഹായത്തോടെ 344.2 കോടി രൂപ മുതൽ മുടക്കിൽ ടെട്രാപോഡുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. കടലേറ്റ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം ചെല്ലാനത്തെ മാതൃകാ മത്സ്യ ഗ്രാമമാക്കി മാറ്റുക എന്നതും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി മത്സ്യ ഗ്രാമം പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നതും ചെല്ലാനത്താണ്.
Content Highlights:announcement of the Coast Protection Plan in Chellanam